ഏറ്റുമാനൂർ: പ്രണയ വിവാഹത്തിന്റെ പേരിൽ കോട്ടയത്ത് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയത് മുഖ്യമന്ത്രി ജില്ലയിൽ ഉള്ളപ്പോൾ എന്നത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു.
മരിച്ച കെവിൻ മാന്നാനത്ത് താമസിച്ചിരുന്ന വീട് തകർത്തതും യുവാവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയതും ഞായറാഴ്ചയാണ്. പിന്നീട് കെവിന്റെ ബന്ധു അനീഷിനെ ഗുണ്ടാസംഘം വിട്ടയച്ചു. ഇന്ന് രാവിലെയാണ് കെവിന്റെ മൃതദേഹം പുനലൂരിന് സമീപം തോട്ടിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഗാന്ധിനഗർ പോലീസ് സ്റ്റേഷന്റെ പരിധിക്കുള്ളിൽ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതാണ് വിചിത്രമായ വസ്തുത. അത്യന്തം ഗൗരവമേറിയ സംഭവ വികാസങ്ങൾ ബന്ധുക്കളും നാട്ടുകാരും ശ്രദ്ധയിൽ പെടുത്തിയപ്പോഴെല്ലാം ഗാന്ധിനഗർ പോലീസ് പറഞ്ഞിരുന്നത് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലാണെന്നും അദ്ദേഹം പോയിക്കഴിഞ്ഞ ശേഷം അന്വേഷിക്കാമെന്നുമാണ്.
സംഭവങ്ങളുണ്ടാകുന്നത് പുലർച്ചെ 2.30ന്. മുഖ്യമന്ത്രിയുടെ മെഡിക്കൽ കോളജിലെ പരിപാടി വൈകുന്നേരം 3.30ന്. എന്നിട്ടും മുഖ്യമന്ത്രിയെ ചാരി പോലീസ് നടപടികളിൽ നിന്ന് ഒഴിവായി നിന്നു. വിലയേറിയ മണിക്കൂറുകളാണ് പോലീസ് ഇങ്ങനെ പാഴാക്കിയത്. പോലീസിന്റെ ഈ നിഷ്ക്രിയത്വത്തിന് പകരമായി നൽകേണ്ടി വന്നത് കെവിന്റെ ജീവനാണ്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസമാണ് കെവിന് കൊല്ലപ്പെടുന്നത്.