കോട്ടയം: പ്രണയ വിവാഹത്തെ തുടർന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട കോട്ടയം സ്വദേശി കെവിൻ ക്രൂരമർദനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് സൂചന. പുനലൂർ ചാലിയേക്കരയിൽ തോട്ടിൽനിന്നും ലഭിച്ച മൃതദേഹത്തിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലാണ്. തലയിൽ ആഴത്തിലുള്ള മുറിവും ഉണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ന് പുലർച്ചെയാണ് തോട്ടിൽനിന്നും മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സാഹചര്യ തെളിവുകൾ വച്ച് സ്ഥിരീകരിച്ച് കഴിഞ്ഞു. ശരീരം നിലത്തുകൂടെ വലിച്ചിഴച്ചതിന്റെ പാടുകളും ദൃശ്യമാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റുമെന്നാണ് റിപ്പോർട്ടുകൾ.
പ്രണയിച്ചു വിവാഹം കഴിച്ച കെവിനെ പെൺകുട്ടിയുടെ ബന്ധുക്കളാണ് തട്ടിക്കൊണ്ടുപോയത്. അർധരാത്രി വീടാക്രമിച്ചാണ് അക്രമി സംഘം കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് സുഹൃത്തിനെ വിട്ടയച്ചിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് ആക്രമണമെന്നാണ് പരാതി.
ബന്ധുകളുടെ പരാതിയിൽ പോലീസ് കൃത്യസമയത്ത് നടപടി സ്വീകരിച്ചില്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് കോട്ടയം എസ്പിയെ സ്ഥലം മാറ്റുകയും ഗാന്ധിനഗർ എസ്ഐ, എഎസ്ഐ എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.