സ്വന്തം ലേഖകന്‍
കോഴിക്കോട്: പ്രത്യേക കമ്പനിയുടെ പെയിന്റ് ഉപയോഗിക്കണമെന്ന് ഡിജിപിയുടെ വിവാദ സര്‍ക്കുലറിനു ശേഷം പോലീസില്‍ വീണ്ടും “ബ്രാന്‍ഡഡ്’ വിവാദം. പ്രത്യേക കമ്പനിയുടെ തുണികൊണ്ടുള്ള യൂണിഫോം മാത്രം ഉപയോഗിക്കണമെന്നാണ് പുതിയ ഉത്തരവ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാറാണ് എസ് കുമാര്‍ കമ്പനിയുടെ “തല്‍വാര്‍ ഓഫീസേഴ്സ് ചോയ്സ്’ യൂണിഫോം ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്.
പോലീസ് ആസ്ഥാനത്തുനിന്നും ജില്ലയിലെ പോലീസ് മേധാവിമാരോട് യൂണിഫോമിന്റെ നിറം തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി ഒരു പ്രത്യേക സംഘത്തേയും നിയോഗിച്ചിരുന്നു. ഈ സംഘം വിവിധ തരം തുണിത്തരങ്ങള്‍ പരിശോധിക്കുകയും “തല്‍വാര്‍ ഓഫീസേഴ്സ് ചോയ്സ്’ തെരഞ്ഞെടുക്കുകയുമായിരുന്നുവെന്നാണ് സര്‍ക്കുലറിലുള്ളത്. ജൂണ്‍ ഒന്നുമുതല്‍ ഈ തുണികൊണ്ട് തയ്ച്ച യൂണിഫോം ഉപയോഗിക്കാനും കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തുണി വാങ്ങുന്നതിനായി സെന്‍ട്രല്‍ പോലീസ് കാന്റീനിലും മാര്ട്ടിന് സൊസൈറ്റി, കണ്‍സ്യൂമര്‍ സ്റ്റോര്‍ എന്നിവിടങ്ങളിലും എത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും സര്‍ക്കലുറില്‍ പരാമര്‍ശമുണ്ട്. സെന്‍ട്രല്‍ പോലീസ് കാന്റീന് സെക്രട്ടറി, മാര്ട്ടിന് സൊസൈറ്റി സെക്രട്ടറി, കണ്‍സ്യൂമര്‍ സ്റ്റോര്‍ സെക്രട്ടറി എന്നിവര്‍ക്കും കമ്മിഷണര്‍ സര്‍ക്കുലറിന്റെ കോപ്പി അയച്ചിട്ടുണ്ട്.
അതേസമയം, പോലീസില്‍ ഒരു കമ്പനിയുടെ മാത്രം യൂണിഫോം ധരിക്കണമെന്ന ഉത്തരവ് അപൂര്‍വമാണെന്നാണ് പോലീസുകാര്‍ പറയുന്നത്. ഉത്തരവിറക്കിയാലും അത് നടപ്പിലാക്കാന്‍ കഴിയില്ലെന്നും സേനയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഒന്നു മുതല്‍ തയ്ച്ച പുതിയ യൂണിഫോം ധരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുളളത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ യൂണിഫോം തയ്ക്കാനാവില്ലെന്ന് പോലീസുകാര്‍ പറയുന്നു.
എന്നാല്‍ യൂണിഫോം ഏകീകരിക്കണമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പലപ്പോഴായി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യൂണിഫോമിന് ഏകീകൃത നിറമാകാന്‍ വേണ്ടി ഒരു കമ്പനിയുടേത് തന്നെ വാങ്ങാന്‍ നിര്‍ദേശിച്ചതെന്നാണ് പറയുന്നത്. നേരത്തെ പോലീസ് സ്റ്റേഷനുകള്‍ക്കെല്ലാം ഒരേ കമ്പനിയുടെ പെയിന്റ് ഉപയോഗിച്ച് നിറം മാറ്റണമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടത് ഏറെ വിവാദമായിരുന്നു.