മുംബൈ: പതിനൊന്നാം എഡിഷൻ ഐപിഎലിന് ആവേശപര്യവസാനം. രണ്ടാം കിരീടം പ്രതീക്ഷിച്ച് ഫൈനലിനെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനു കീഴടക്കി ചെന്നൈ സൂപ്പർ കിംഗ്സ് മൂന്നാം വട്ടവും ഐപിഎൽ കിരീടമണിഞ്ഞു.
ആവേശകരമായ പോരാട്ടങ്ങളാണ് സീസണിൽ അരങ്ങേറിയത്. തുടക്കത്തിലെ പിഴവുകൾ പരിഹരിച്ച് ദിനംപ്രതി കരുത്താർജിച്ചായിരുന്നു ചെന്നൈ കിരീടത്തിൽവരെ എത്തിയത്. അതേസമയം, തുടക്കത്തിലെ ആക്രമണോത്സുകത അവസാന ഘട്ടത്തിലേക്കടുത്തതോടെ സണ്റൈസേഴ്സ്നു കൈമോശംവന്നു. ഈ സീസണിൽ ചെന്നൈയും ഹൈദരാബാദും തമ്മിൽ നാല് തവണ ഏറ്റുമുട്ടിയപ്പോഴും ജയം എം.എസ്. ധോണിക്കും സംഘത്തിനുമൊപ്പമായിരുന്നു.
വയസൻപടയെന്നായിരുന്നു ചെന്നൈയെ ഐപിഎൽ ആരംഭിക്കുന്നതിനു മുന്‍പ് ഏവരും വിശേഷിപ്പിച്ചത്. മുപ്പത്തിയേഴുകാരനായ ഹർഭജൻ സിംഗ്, മുപ്പത്തിയാറുകാരായ ധോണി, ഷെയ്ൻ വാട്സണ്, മുപ്പത്തിമൂന്നുകാരായ ഫാഫ് ഡുപ്ലസിസ്, കേദാർ യാദവ്, മുപ്പത്തിരണ്ടുകാരനായ അന്പാട്ടി റായുഡു, മുപ്പത്തിനാലുകാരായ ഡ്വെയ്ൻ ബ്രാവോ, മുരളി വിജയ്, മുപ്പതുകാരനായ കരണ്‍ ശർമ, മുപ്പത്തിയൊന്പതുകാരനായ ഇമ്രാൻ താഹിർ, മുപ്പത്തിയൊന്നുകാരനായ സുരേഷ് റെയ്ന തുടങ്ങിയവരായിരുന്നു ചെന്നൈക്ക് ‘ഡാഡ്സ് ആർമി’ എന്ന ചെല്ലപ്പേർ ചാർത്തിയത്.
എന്നാൽ, കൃത്യമായ ഗെയിം പ്ലാനിംഗോടെ ഓരോ മത്സരത്തെയും പരിശീലകൻ സ്റ്റീഫൻ ഫ്ളെമിംഗും ക്യാപ്റ്റൻ ധോണിയും സമീപിച്ചു. ഫൈനലിൽ ഹർഭജൻ സിംഗിനെ ഒഴിവാക്കി കരണ്‍ ശർമയെ ടീമിലെടുത്തതുവരെ ധോണിയുടെ അത്തരം നീക്കങ്ങളുടെ ഉദാഹരണമാണ്. സണ്‍റൈസേഴ്സിന്റെ മാന്ത്രിക ബൗളറായ റഷീദ് ഖാന് വിക്കറ്റ് വീഴ്ത്താൻ കഴിയാതെപോയതും വാട്സന്റെ സ്ഫോടനാത്മക ബാറ്റിംഗും ചെന്നൈയുടെ ജയത്തിൽ നിർണായകമായി.
ശാരീരികക്ഷമതയുണ്ടെങ്കിൽ പ്രായം പ്രശ്നമേയല്ലെന്ന് ധോണിയും സംഘവും തെളിയിക്കുകയായിരുന്നു. ‘ഷോക്കിംഗ് വാട്സണ്’ എന്നാണ് ഫൈനലിൽ വാട്സന്റെ 117 നോട്ടൗട്ട് പ്രകടനത്തെ ധോണി വിശേഷിപ്പിച്ചത്. 15 മത്സരങ്ങളിൽനിന്ന് വാട്സണ് അടിച്ച് കൂട്ടിയത് 555 റണ്‍സ് ആണ്.
16 മത്സരം കളിച്ച റായുഡുവിന്റെ ബാറ്റിൽനിന്ന് പിറന്നത് 602 റണ്‍സും. ധോണി 455ഉം സുരേഷ് റെയ്ന 445ഉം റണ്‍സ് ഇത്തവണ സ്കോർ ചെയ്തു. ഈ നാല് ബാറ്റ്സ്മാന്മാരായിരുന്നു ചെന്നൈയുടെ കരുത്ത്. ആവശ്യസമയത്ത് അർധസെഞ്ചുറിയിലൂടെ ടീമിനെ ജയിപ്പച്ച് ഡുപ്ലസിസും ചെന്നൈയുടെ രക്ഷകനായി.
ബൗളിംഗിൽ ഷാർദുൾ ഠാക്കുർ 16ഉം ബ്രാവോ 14ഉം ലുൻഗി എൻഗിഡിയും രവീന്ദ്ര ജഡേജയും 11 വീതവും ദീപക് ചഹർ 10ഉം വിക്കറ്റ് സ്വന്തമാക്കി. ഐപിഎലിന്റെ ആദ്യഭാഗത്ത് ഇല്ലാതിരുന്ന എൻഗിഡി ടീമിനൊപ്പം ചേർന്നതോടെയാണ് ചെന്നൈയുടെ ബൗളിംഗ് ആക്രമണത്തിനു ദിശാബോധം കൈവന്നത്. ഏഴു മത്സരങ്ങളിൽനിന്നായിരുന്നു ഈ ദക്ഷിണാഫ്രിക്കൻ പേസർ 11 വിക്കറ്റ് വീഴ്ത്തിയത്.
ഐപിഎൽ കിരീടം ഏറ്റവും അധികം നേടിയ റിക്കാർഡ് ചെന്നൈക്കും മുംബൈ ഇന്ത്യൻസിനും. ഇരു ടീമുകളും മൂന്ന് തവണ വീതം ചാന്പ്യന്മാരായി.
ധോണിയുടെ നന്പറും അദ്ദേഹം ട്വന്റി-20 കിരീടങ്ങൾ നേടിയ എണ്ണവും ഏഴ്. മൂന്ന് ഐപിഎൽ, രണ്ട് ചാന്പ്യൻസ് ലീഗ്, ഒരു ഏഷ്യകപ്പ്, ഒരു ലോകകപ്പ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ക്യാപ്റ്റനും ധോണി.
ഒരു ഐപിഎൽ എഡിഷനിൽ ഏറ്റവും അധികം സിക്സർ പറത്തിയ ടീം എന്ന റിക്കാർഡ് ഇനി ചെന്നൈക്ക്. 2016ൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സ് കുറിച്ച 142 എന്ന റിക്കാർഡ് തകർന്നു.
ഐപിഎൽ ഫൈനലിൽ 50ൽ അധികം റണ്‍സ് നേടിയ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് ആണ് വാട്സണ് (57 പന്തിൽ 117 നോട്ടൗട്ട്) കുറിച്ചത്. 2016ൽ ക്രിസ് ഗെയ്ൽ (38 പന്തിൽ 76 റണ്‍സ്) കുറിച്ച 200.00 പഴങ്കഥയായി.