തിരുവനന്തപുരം: കോട്ടയത്തെ നവവരൻ കെവിന്റെ കൊലപാതകത്തിലെ മുഖ്യ പ്രതി ഷാനു ചാക്കോയുടെ തിരുവനന്തപുരത്തെ ഭാര്യ വീട് പോലീസ് നിരീക്ഷണത്തിൽ.
പേരൂർക്കട വഴയില രാധാകൃഷ്ണ ലൈനിലാണ് ഷാനു ചാക്കോയുടെ ഭാര്യ വീട്. അഞ്ച് ദിവസം മുൻപാണ് ഷാനു വിദേശത്ത് നിന്നും നാട്ടിലെത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ശേഷം പേരൂർക്കടയിലെ ഭാര്യ വീട്ടിലാണ് എത്തിയത്.
കൃത്യത്തിന് ശേഷം ഷാനു ചാക്കോ ഭാര്യ വീട്ടിലെത്തിയെന്ന സംശയത്തെ തുടർന്ന് പോലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. പാസ്സ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായാണ് ഷാനു ചാക്കോ കടന്ന് കളഞ്ഞതെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്. ഇയാൾ രാജ്യം വിട്ട് പോകാതിരിക്കാൻ എല്ലാ വിമാനത്താവളങ്ങളിലും പോലീസ് ലുക്കൗട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
ചെന്നൈ വിമാനത്താവളം വഴി ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന സംശയത്താൽ പോലീസ് സംഘം തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോട് പറഞ്ഞു.