കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പോലീസ് ആരെയെങ്കിലും തല്ലി കൊന്നാലും ആര്‍ക്കും ഒരു കുഴപ്പവുമില്ലായിരുന്നുവെന്ന് മന്ത്രി എംഎം മണി. എന്നാല്‍, ഞങ്ങള്‍ ഭരിക്കുമ്പോള്‍ എവിടെയെങ്കിലും ഏതെങ്കിലും പോലീസുകാരന്‍ വല്ല വിവരക്കേടും കാണിച്ചാല്‍ അതും പറഞ്ഞ് മാധ്യമങ്ങള്‍ അടക്കം ഞങ്ങള്‍ക്കിട്ട് ഒലത്തിക്കൊണ്ടിരിക്കുകയാണെന്നും മണി പറഞ്ഞു. ഇക്കാര്യം പറഞ്ഞതിന് ശേഷം താന്‍ പറഞ്ഞത് പോലെ തന്നെ കൊടുക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് അതിക്രമം എന്നൊന്നും പറഞ്ഞ് ഞങ്ങളെ ആരും പേടിപ്പിക്കാന്‍ വരേണ്ട. പോലീസിന്റെ അതിക്രമങ്ങളെ നേരിടുകയും അതിജീവിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങള്‍. പോലീസിന്റെ ഭാഗത്ത് നിന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാലും ജീവഹാനി സംഭവിച്ചാലും ഞങ്ങള്‍ക്ക് ഒരു നിലപാടാണ്. അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി മണി വ്യക്തമാക്കി.
കെവിന്റെ കൊലപാതകത്തില്‍ പോലീസിന് പറ്റിയ വീഴ്ച വെള്ളപൂശി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ആരോപിച്ചിരുന്നു. കൊലപാതകം രാഷ്ട്രീയ വത്കരിക്കാനും സര്‍ക്കാരിനെതിരെ തിരിക്കാനും ശ്രമമുണ്ടായതായും പിണറായി ആരോപിച്ചു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം ചെയ്തവരാണ്. അത് അവര്‍ ഓര്‍ക്കണമായിരുന്നു. സംഭവത്തില്‍ പോലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.