കെവിന്റെ യാത്രയപ്പില്‍ സംബന്ധിക്കാനെത്തിയവര്‍ക്ക് നൊമ്പരമായി മറ്റൊരു കാഴ്ച കൂടിയുണ്ടായിരുന്നു. വിവാഹദിനത്തില്‍ അണിയാനായി കെവിന് വാങ്ങിയ ഷര്‍ട്ടും മാറോടണച്ചു വിതുമ്പിയ നീനുവിന്റെ കരഞ്ഞു തളര്‍ന്ന മുഖം. സംസ്കാര ചടങ്ങുകള്‍ക്കായി പള്ളിയില്‍ എത്തിയപ്പോഴും നീനു ഷര്‍ട്ടില്‍ നിന്നു പിടിവിട്ടിരുന്നില്ല. വിവാഹവുമായി ബന്ധപ്പെട്ടു വാങ്ങിയ ഷര്‍ട്ട് കെവിന് ധരിച്ചിരുന്നുമില്ല.
ഇനി തെന്മയിലെ വീട്ടിലേക്ക് പോകുന്നില്ല. കെവിന്റെ ഭാര്യയായി നട്ടാശേരിയില്‍ ജീവിക്കും.- നട്ടാശേരി മാവേലിപ്പടിയിലെ കെവിന്റെ വാടകവീട്ടില്‍ ദുഃഖം കടിച്ചമര്‍ത്തി നീനു പറയുകയും ചെയ്തു. കെവിനെ കൊല്ലാന്‍ നേതൃത്വം നല്കിയ മാതാപിതാക്കള്‍ക്കൊപ്പം പോകില്ല. കെവിന്റെ മരണത്തെക്കുറിച്ച് അവര്‍ക്കു വ്യക്തമായി അറിയാം.
പ്രണയത്തെക്കുറിച്ചു വീട്ടുകാര്‍ക്കറിയില്ലായിരുന്നു. പരീക്ഷയാണെന്നു പറഞ്ഞാണു വീട്ടില്‍നിന്നിറങ്ങിയത്. വിവാഹം രജിസ്റ്റര്‍ ചെയ്തശേഷമാണ് അവരെ അറിയിച്ചത്. നീനു പറഞ്ഞു. മകളെപ്പോലെ തന്നെ നീനുവിനെ സംരക്ഷിക്കുമെന്നും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും കെവിന്റെ പിതാവ് ജോസഫും വ്യക്തമാക്കുകയുണ്ടായി.