നിയാസ് കൊലപാതക കേസ് പ്രതിയായത് പിതാവിന്റെ ജോലിയില്‍ പ്രവേശിക്കുന്നതിനു തൊട്ടു മുമ്പ്; ഒരു മാസം മുമ്പ് മരണമടഞ്ഞ പിതാവ് ജോലി ചെയ്തിരുന്നത് കെഎസ്ആര്‍ടിസിയില്‍; കൊലപാതകത്തില്‍ നിയാസിന്റെ പങ്ക് ഇങ്ങനെ…


തിരുവനന്തപുരം: കെവിന്‍ കൊലപാതകക്കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള നിയാസ് കൃത്യത്തില്‍ നിര്‍വഹിച്ചത് ഡ്രൈവറുടെയും സംഘാടകന്റെയും ജോലി. മുഖ്യ പ്രതി ഷാനുവിന്റെ അമ്മാവന്റെ മകനാണ് ഇയാള്‍. സര്‍വീസിലിരിക്കെ ആത്മഹത്യ ചെയ്ത പിതാവിന്റെ ജോലി ആശ്രിത നിയമനമായി കയ്യില്‍ കിട്ടുന്നതിന് തൊട്ടുമുമ്പായിരുന്നു നിയാസ് പ്രതിയായത്. ഒരു മാസം മുമ്പായിരുന്നു നിയാസിന്റെ പിതാവ് നാസിറുദ്ദീന്‍ ആത്മഹത്യ ചെയ്തത്.

അനീഷിന്റെ വീടാക്രമിക്കാനും കെവിനെ തട്ടിക്കൊണ്ടു പോകാനുമുള്ള ഷാനുവിന്റെയും പിതാവിന്റെയും പദ്ധതിയില്‍ സംഘാടകന്റെയും ഡ്രൈവറുടേയും ജോലിയായിരുന്നു നിയാസിന്. കെഎസ്ആര്‍ടിസി യില്‍ ആശ്രിത നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ച് പോലീസ് കഌയറന്‍സിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് നിയാസ് തെന്മല പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഒട്ടേറെ അടിപിടി സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഡിവൈഎഫ് ഐ ഇടമണ്‍ യൂണിറ്റ് പ്രസിഡന്റായുള്ള സ്വാധീനം മുതലാക്കി പരാതികള്‍ കേസാകാതെ നോക്കാന്‍ കഴിഞ്ഞു.

ഇങ്ങനെ പലവിധത്തിലുള്ള സ്വാധീനമാണ് കൃത്യത്തില്‍ നിയാസിനെ കൂട്ടാന്‍ ഷാനുവിനെ പ്രേരിപ്പിച്ചത്. സംഘത്തിലുണ്ടായിരുന്നവരെല്ലാം നിയാസിന്റെ സുഹൃത്തുകളാണ്. സ്ഥലപരിചയം നന്നായി ഉള്ളതിനാല്‍ തട്ടിക്കൊണ്ടു പോകാന്‍ തെരഞ്ഞെടുത്തത് പിറവന്തൂര്‍ ചാലിയക്കര റോഡായിരുന്നു. വനമേഖലയാണെന്നതും വിജനമാണെന്നതുമാണ് ആനൂകൂല്യമായി കണ്ടത്. രണ്ടു വാഹനങ്ങളിലായിട്ടാണ് കെവിനെയും അനീഷിനെയും കൊണ്ടു വന്നത്.

ഇടയ്ക്ക് ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞ അനീഷിനെ ഇറക്കിയപ്പോള്‍. മൂത്രമൊഴിക്കണമെന്നു പറഞ്ഞ കെവിന്‍ മറ്റേ വാഹനത്തില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. ഇതേത്തുടര്‍ന്ന് അനീഷിനെ വെറുതെ വിടുകയായിരുന്നു. തന്റെ മകനെ ഷാനുവും ചാക്കോയും ചേര്‍ന്ന് കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നാണ് നിയാസിന്റെ മാതാവ് ലൈലാ ബീവി പറഞ്ഞത്. നിയാസിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയതും കള്ളം പറഞ്ഞിട്ടാണെന്ന് ലൈലാ ബീവി പറഞ്ഞു.

Related posts