മുംബൈ: മൂന്നു ദിവസത്തെ രൂപയുടെ കയറ്റത്തിനു വിരാമം. രൂപ വീണ്ടും താഴോട്ട്. ഡോളറിന് ആവശ്യക്കാർ കൂടിയതോടെ ഡോളർ നിരക്ക് 43 പൈസ കയറി. ഇന്നലെ 67.86 രൂപയിലാണു ഡോളർ നിരക്ക് ക്ലോസ് ചെയ്തത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില പ്രതീക്ഷിച്ചതുപോലെ താഴാത്തതു രൂപയ്ക്കു തിരിച്ചടിയായി. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 75.85 ഡോളർ വരെ കയറി. സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 1306 ഡോളറിലേക്കു കൂടി.ഇന്നലെ ഡോളർ 68 രൂപവരെ കയറിയിരുന്നു. ഒരാഴ്ച മുന്പ് 68.42 വരെ കൂടിയിട്ട് 67.43 വരെ താണതാണ്.
യൂറോപ്യൻ യൂണിയൻ വെല്ലുവിളികൾ നേരിടുകയാണെന്നും പുതിയൊരു ധനകാര്യ പ്രതിസന്ധി ഉരുണ്ടുകൂടുന്നുണ്ടെന്നും നിക്ഷേപവിദഗ്ധൻ ജോർജ് സോറോസ് പ്രവചിച്ചത് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ കറൻസികൾക്കു തിരിച്ചടിയായി. ഇന്ത്യൻ ഓഹരികളും ഇന്നലെ താഴോട്ടുപോയി. സെൻസെക്സും നിഫ്റ്റിയും മുക്കാൽ ശതമാനം വീതം ഇടിഞ്ഞു. ബാങ്ക് ഓഹരികൾക്കായിരുന്നു വലിയ തളർച്ച.
ഇറ്റലിയിലെയും സ്പെയിനിലെയും രാഷ്ട്രീയ അനിശ്ചിതത്വം ഇന്നലെ യൂറോപ്യൻ ഓഹരിവിപണികളെ ഉലച്ചു.