കൊച്ചി: ജീവനു ഭീഷണി നേരിടുന്നതിനെ തുടർന്നു കമിതാക്കൾ പോലീസ് സ്റ്റേഷനിൽ അഭയം തേടി. പ്രണയ വിവാഹത്തിന് ഒരുങ്ങിയ കോട്ടയം സ്വദേശിയായ 24 കാരനും കണ്ണൂർ കൊട്ടിയൂർ സ്വദേശിനിയായ 23 കാരിയുമാണു ഇന്നലെ രാത്രി എറണാകുളം തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഏതാനും ദിവസങ്ങൾക്കു മുന്‍പാണു പെണ്‍കുട്ടി യുവാവിനൊപ്പം വീടുവിട്ടിറങ്ങിയത്. തുടർന്നു യുവാവിനു നേരേയും കുടുംബത്തിനു നേരെയും ഭീഷണി ഉയർന്നതായി കമിതാക്കൾ പറയുന്നു.
ഭീഷണി വർധിച്ചതോടെ യുവാവ് കുടുംബ സമേതം വീടുവിട്ടിറങ്ങി കൊച്ചിയിലുള്ള സുഹൃത്തുക്കളുടെ അടുത്തേയ്ക്കു എത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണു ഇവർ അഭയം തേടി തൃക്കാക്കര പോലീസ് സ്റ്റേഷനിൽ എത്തിയത്. ജീവനു സംരക്ഷണം നൽകണമെന്നും വിവാഹം നടത്തിത്തരണമെന്നും കമിതാക്കൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്നു പോലീസിന്റെ നേതൃത്വത്തിൽ കുടുംബത്തെ രാത്രിയിൽ സമീപത്തെ ഒരു സ്ഥാപനത്തിൽ താമസിപ്പിച്ചു.
ഇതിനിടെ, പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി പെണ്‍കുട്ടിയുടെ പിതാവ് കണ്ണൂർ കേളകം പോലീസിൽ പരാതിയും നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവന്നിരുന്ന കേളകം പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയോടെതന്നെ കൊച്ചിയിലെത്തി.
പെണ്‍കുട്ടിയുടെ പിതാവും സംഘത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് ഇന്നു രാവിലെ ഇരുകൂട്ടരും തമ്മിൽ നടന്ന ചർച്ചകൾക്കുശേഷം കമിതാക്കൾ കേളകം പോലീസിനൊപ്പം കണ്ണൂർക്കു മടങ്ങിയതായി പോലീസ് പറഞ്ഞു. യുവാവും യുവതിയും ഒരേ സമുദായത്തിലുള്ളവരാണെങ്കിലും സാന്പത്തിക വിഷയമാണു എതിർപ്പിനു കാരണമെന്നാണു ലഭിക്കുന്ന വിവരം.
വിവാഹം തടയുന്നതിന്റെ ഭാഗമായി യുവതിയുടെ തിരിച്ചറിയൽ രേഖകൾ വീട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും അതിനാൽ രജിസ്റ്റർ വിവാഹം നടത്താൻ സാധിച്ചിട്ടില്ലെന്നുമാണു കമിതാക്കൾ പറഞ്ഞിരുന്നത്.