കൊച്ചി: സേവന, വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാർ നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു. രാവിലെ ആറു മുതൽ ആരംഭിച്ച 48 മണിക്കൂർ പണിമുടക്കിൽ ബാങ്കുകളുടെ പ്രവർത്തനം സ്തംഭിച്ച നിലയിലാണ്. ജൂണ്‍ ഒന്നിനു രാവിലെ ആറു വരെയാണു സമരം.
സംസ്ഥാനത്തു കോ ഓപ്പറേറ്റീവ് ബാങ്കുകൾ ഒഴികെയുള്ള എല്ലാ ബാങ്കുകളുടെയും പ്രവർത്തനത്തെയും പണിമുടക്ക് ബാധിച്ചിട്ടുണ്ട്. പണിമുടക്കുന്ന ജീവനക്കാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ധർണ നടത്തി. കൊച്ചിയിൽ പത്മ ജംഗ്ഷനിലെ എസ്ബിഐ ബാങ്കിനു മുന്പിലായിരുന്നു ധർണ.
പൊതുമേഖലാ, സ്വകാര്യ, വിദേശ, വാണിജ്യ ബാങ്കിംഗ് മേഖലയിലെ 10 ലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മാസത്തിന്റെ അവസാന ദിവസങ്ങളായതിനാൽ വിവിധ സ്ഥാപനങ്ങളുടെ ശന്പളവിതരണത്തെയും എടിഎമ്മുകളുടെ പ്രവർത്തനത്തെയും പണിമുടക്ക് ബാധിച്ചേക്കും.