ചാരുംമൂട്: നൂറനാട് പെരുവേലിച്ചാൽ പുഞ്ചയിലെ കൊയ്യാറായ 80 ഏക്കർ സ്ഥലത്തെ നെൽകൃഷി കാലവർഷത്തെത്തുടർന്ന് വെള്ളം കയറി നശിച്ചു. കനാൽവെള്ളത്തിന്റെ വരവും അച്ഛൻ കോവിലാറിലെ ആറ്റുവെള്ളവും, മഴവെള്ളവും പുഞ്ചയിലേക്ക് ഒഴുകി എത്തിയതോടെ കൃഷി നശിക്കുകയായിരുന്നു. പെരുവേലിൽ ചാൽ പുഞ്ച ഇപ്പോൾ കായൽ പോലെയായ നിലയിലാണ്. വളരെയധികം പ്രതീക്ഷകളോടെ കടം വാങ്ങിയും, വായ്പയെടുത്തും കൃഷി ഇറക്കിയ കർഷകർ ഇതൊടെ ദുരിതത്തിലായി.
നൂറനാട് പുലിമേൽ സ്വദേശികളായ കണ്ണൻക്കര കിഴക്കേതിൽ നന്ദകുമാർ, പുല്ലേൽ പടീറ്റതിൽ ശ്രീനിവാസൻ, പുല്ലേൽ തെക്കേതിൽ രാമചന്ദ്രൻ നായർ, കെട്ടയ്ക്കാട്ടുതറയിൽ രാഘവൻ, ഇടയത്ത് കൗസ്തുഭത്തിൽ ബാബു, വിളയിൽ വടക്കേതിൽ പുരുഷൻ, മോളി ഭവനം ഭാനു, കല്ലുശ്ശേരി വിദ്യാധരൻ, കണ്ണൻ കിഴക്കേതിൽ ബാലൻ, ജിജി ഭവനം സുരേന്ദ്രൻ, പുലിമേൽ കുടുംബശ്രീ വനിതാ സംഘം എന്നിവർ ഇറക്കിയ നെൽകൃഷിയാണ് ഒരു പിടി നെല്ലുപോലും എടുക്കുവാൻ കഴിയാതെ വെള്ളം കയറി നശിച്ചത്.
നെല്ല്കൊയ്ത് എടുക്കുവാൻ പാകമായ സമയത്ത് നെല്ലുത്പാദന പാടശേഖര സമിതി കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചിരുന്നുവെങ്കിൽ ഇന്നത്തെ അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുമായിരുന്നില്ലന്ന അഭിപ്രായമാണ് കർഷകരിൽ ചിലർ പറയുന്നത്. രണ്ടാഴ്ച മുന്പ് കല്ലട ഇറിഗേഷന്റെ ചാരുംമൂട് ഓഫീസിൽ കർഷകർ എത്തി കനാൽവെള്ളത്തിന്റെ പുഞ്ചഭാഗത്തെക്കുള്ള ഒഴുക്ക് നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടങ്കിലും ഉദ്യോഗസ്ഥർ പരിഹരിക്കാമെന്നുള്ള വാക്ക് കൊടുത്ത് കർഷകരെ മടക്കി അയയ്ക്കുകയായിരുന്നു.
എന്നാൽ കർഷകർ ഉന്നയിച്ച ആവശ്യം കെ.ഐ.പി. കാര്യമായി എടുത്തില്ലന്നാക്ഷേപവും ശക്തമാണ്. നൂറനാട് കൃഷിഭവനുമായി ബന്ധപ്പെട്ടങ്കിലും കൃഷി വകുപ്പ് അധികാരികൾക്കും വിഷയത്തിൽ നിസംഗത നിലപാടാണന്ന് കർഷകർ ആരോപിക്കുന്നു.ലക്ഷങ്ങൾ മുടക്കി കൃഷിയിറക്കിയ കർഷകർക്ക് ഉണ്ടായ വിളനഷ്ടം സർക്കാർ വഹിക്കണമെന്നാണ് കർഷകരുടെ ആവശ്യം.