ആ രാത്രിയിലാണ് ഷാനു എന്റെ കാറില്‍ കയറിയത്, യാത്രയ്ക്കിടയില്‍ ഒരാള്‍ വന്ന് ഹാന്‍ഡ് ബാഗ് നല്കി, കെവിനെ കൊന്ന ഷാനുവിനെ കൊണ്ടുപോയ ടാക്‌സി ഡ്രൈവര്‍ സണ്ണിക്ക് പറയാനുള്ളത്

സുനറ്റ് പത്തനാപുരം

ഡ്രൈവര്‍ സണ്ണി ഇപ്പോഴും ഞെട്ടലിലാണ്. കോട്ടയത്തെ കെവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതിയായ ഷാനു ചാക്കോ തിരുവനന്തപുരത്തേക്ക് കടന്നത് തന്റെ കാറിലാണെന്ന് വിശ്വസിക്കാന്‍ സണ്ണിക്ക് ഇപ്പോഴും കഴിയുന്നില്ല.

പത്തനാപുരത്തെ ടാക്‌സി സ്റ്റാന്റിലെ ഡ്രൈവറായ പാതിരിക്കല്‍ സ്വദേശി സണ്ണിയുടെ കെ. എല്‍ 23 ബി 504 നമ്പര്‍ ഡിസയര്‍ കാറിലാണ് ക്രൂര കൃത്യത്തിനുശേഷം ഷാനു തിരുവനന്തപുരത്തേക്ക് പോയത്.

കഴിഞ്ഞ ദിവസം തെന്മല പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇന്നോവയിലാണ് ഷാനു പത്തനാപുരത്ത് എത്തിയത്. ഷര്‍ട്ടും കൈലിയുമായിരുന്നു വേഷം. തിരുവനന്തപുരം വരെ ഓട്ടം പോകണമെന്ന് സണ്ണിയോട് പറഞ്ഞു.

പുനലൂര്‍ അഞ്ചല്‍ വഴിയാണ് തിരുവനന്തപുരത്തേക്ക് പോയത്. പോകുന്നതിനിടെ നെല്ലിപ്പള്ളിയില്‍ വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഈ സമയം ഒരാള്‍ ഹാന്‍ഡ് ബാഗ് ഷാനുവിന് നല്‍കി. തിരുവനന്തപുരത്തേക്ക് പോകുകയാണെന്ന് അയാളോട് ഷാനു പറഞ്ഞുവത്രേ. പുനലൂര്‍ കഴിഞ്ഞപ്പോള്‍ വീട് എവിടാണെന്ന് ഷാനുവിനോട് ചോദിച്ചപ്പോള്‍ ഉറകുന്നിലാണെന്ന് മറുപടി പറഞ്ഞു.

എന്തേ ഈ വേഷത്തിലെന്ന് ചോദിച്ചപ്പോള്‍ തിരുവനന്തപുരത്ത് വീട്ടില്‍ പോയി വേഷം മാറ്റും എന്നു പറഞ്ഞു.ജോലി എവിടെയാണ് എന്ന ചോദ്യത്തിന് ദുബായിലാണെന്നും പറഞ്ഞു. തുടര്‍ന്ന് ചോദ്യം ചോദിക്കുന്നതിന് മുന്‍പ് തന്നെ ഒന്ന് ഉറങ്ങിക്കോട്ടെ എന്ന് സണ്ണിയോട് പറഞ്ഞു.

യാത്രക്കിടയില്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു ഫോണ്‍ വിളിക്കുന്നുണ്ടായിരുന്നു. കാറിലിരുന്ന് ഓണ്‍ലൈന്‍ വഴി ഫ്‌ളൈറ്റ് ടിക്കറ്റിന് അപേക്ഷിച്ചെങ്കിലും പാസ്‌പോര്‍ട്ട് കൈയില്‍ ഇല്ലാത്തതിനാല്‍ അത് നടന്നില്ല. വെഞ്ഞാറുംമൂട് പമ്പില്‍ നിന്നും പൊട്രോള്‍ അടിക്കാന്‍ എറ്റിഎം കാര്‍ഡ് വഴി പണം നല്‍കിയതും ഷാനുവാണ്.

പേരൂര്‍ക്കടയില്‍ എത്തിയപ്പോള്‍ ചുറ്റുപാടും നോക്കിയ ശേഷം ടാക്‌സി നിര്‍ത്താന്‍ പറഞ്ഞു. ബാക്കി ടാക്‌സി ചാര്‍ജായ 1200 രൂപ നല്‍കിയ ശേഷം ഷാനു അവിടെ ഇറങ്ങിയതായും സണ്ണി പറഞ്ഞു. ഷാനുവിന്റെ മുഖത്ത് യാതൊരു ഭാവഭേദവും തോന്നിയിരുന്നില്ല.

പിന്നീട് പത്രങ്ങളിലൂടെ ഫോട്ടോ കണ്ടപ്പോഴാണ് കെവിന്‍ വധക്കേസിലെ മുഖ്യപ്രതിയായ ഷാനുവിനേയാണ് താന്‍ കാറില്‍ കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞതെന്നും സണ്ണി പറഞ്ഞു.

Related posts