കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികൾക്ക് ജാമ്യം. ഹൈക്കോടതിയാണ് പ്രതികൾക്കു ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.
കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ ബോണ്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു. പാലക്കാട് ജില്ലാ വിട്ടു പോവരുതെന്നും മണ്ണാർക്കാട് താലൂക്കിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കേസിൽ താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോലഷംസുദീൻ (34), കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ധീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ (44), മുക്കാലി ചോലയിൽ അബ്ദുൾ കരീം (48), മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരക്കൽ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവിൽ വീട്ടിൽ ഹരീഷ് (34), കള്ളമല ചെരുവിൽ വീട്ടിൽ ബിജു, കള്ളമല വിരുത്തിയിൽ മുനീർ (28) എന്നീ 16 പേർക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കടുകുമണ്ണ ഉൗരിലെ മല്ലൻ-മല്ലി ദമ്പതികളുടെ മകനായ മധു (27) വിനെ ഫെബ്രുവരിയിൽ ഒരുസംഘമാളുകൾ ചേർന്നു കെട്ടിയിട്ട് മർദിക്കുകയായിരുന്നു. പിന്നീട് പോലീസ് കസ്റ്റഡിയിലിരിക്കെയാണ് മധു മരിച്ചത്.