യുദ്ധങ്ങളിൽപ്പെട്ട് വീടും കുടുംബവും നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവരുന്ന അഭയാർഥികളുടെ അവസ്ഥ സാധാരണക്കാർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. താമസിക്കാൻ പാർപ്പിടവും കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രവുമില്ലാതെ കഷ്ടപ്പെടുന്നവർക്ക് മറ്റുള്ളവരുടെ വേദന അറിയാനുള്ള മനസുണ്ടാകുമെന്നാണ് ഹംബിംൾഡ് മെഡിക് എന്ന ട്വിറ്റർ യൂസർ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രം സൂചിപ്പിക്കുന്നത്.
കാമറയെ നോക്കി ഭക്ഷണം നീട്ടുന്ന ഒരു കുരുന്നിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. ഒരു അഭയാർഥി ക്യാന്പിൽ ആരോ നല്കിയ ഭക്ഷണം കഴിക്കുന്നതിനിടെ ഒരു മാധ്യമപ്രവർത്തകനാണ് ഈ കുരുന്നിന്റെ ചിത്രം പകർത്തിയത്. മാധ്യമപ്രവർത്തകന് വിശക്കുന്നുണ്ടെന്നു കരുതിയാണ് കുഞ്ഞ് ഭക്ഷണം നീട്ടിയതെന്നാണ് ട്വിറ്റർ പോസ്റ്റിൽ പറയുന്നത്.
ഓരോ ദിവസവും നാം ഭക്ഷണം കഴിക്കുന്പോൾ ഇവരെപ്പോലെയുള്ളവരെ ഓർക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ ആഹ്വാനം ചെയ്തു. എന്നാൽ, ഈ ചിത്രം എവിടെനിന്നുള്ളതാണെന്നതിൽ വ്യക്തതയില്ല.