ഏകാന്തത,നിരാശ, വിഷാദം തുടങ്ങിയ രോഗാവസ്ഥകൾക്കുള്ള ചികിത്സകൾക്കായി വളർത്തുമൃഗങ്ങളുടെ സഹായം തേടുന്ന പതിവ് വിദേശരാജ്യങ്ങളിലുണ്ട്. തെറാപ്പി ആനിമൽസ് എന്നാണ് ഇവയെ വിളിക്കുക. പ്രധാനമായും നായ്ക്കളെയാണ് ഇങ്ങനെ ഉപയോഗിക്കുക.
ലോകത്തിലെ ഏറ്റവും വലിയ തെറാപ്പി ഡോഗ് ഏത് എന്ന് ചോദിച്ചാൽ അത് ഒരുപക്ഷേ സ്പോട്ട് എന്ന ഡാൽമേഷ്യൻ നായ ആയിരിക്കും. എന്നാൽ സ്പോട്ട് ജീവനുള്ള ഒരു നായയല്ല. ശരിക്കുമുള്ള ഒരു മഞ്ഞക്കാർ മൂക്കിൽവച്ച് ബാലൻസ് ചെയ്യാൻ ശ്രമിക്കുന്ന ഒരു ഡാൽമേഷ്യൻ നായയുടെ ജീവൻതുടിക്കുന്ന അതികായ പ്രതിമയാണ്.
ന്യൂയോർക്ക് നഗരത്തിലെ ഹസൻഫെൽഡ് ചിൽഡ്രണ്‍സ് ആശുപത്രിയുടെ മുന്നിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഡൊണാൾഡ് ലിപ്സ്കി എന്ന ശിൽപ്പിയാണ് ഇത് നിർമിച്ചിത്. 11 മീറ്റർ ഉയരമുള്ള സ്പോട്ടിനെ നിർമിച്ചിരിക്കുന്നത് ഫൈബർ ഗ്ലാസും സ്റ്റീൽ ബീമും ഉപയോഗിച്ചാണ്. കാറിന്റെ ഉള്ളിൽനിന്ന് എൻജിൻ നീക്കം ചെയ്തതിന്ശേഷമാണ് സ്പോട്ടിന്റെ മൂക്കിൽ പിടിപ്പിച്ചത്. മഴ പെയ്താൽ കാറിന്റെ വൈപ്പറുകൾ തനിയെ പ്രവർത്തിക്കുമെന്ന് ശിൽപ്പി ഡൊണാൾഡ് ലിപ്സി പറഞ്ഞു.
ഒറ്റ നോട്ടത്തിൽ ആരുടെയും മനസുകീഴടക്കുന്ന ഒരു ഓമനത്വം സ്പോട്ടിന്റെ മുഖത്തുണ്ടത്രേ. ഇത് ഇവിടെയെത്തുന്ന രോഗികളായ കുഞ്ഞുങ്ങളുടെ മുഖത്ത് ചിരി പടർത്തുമെന്നാണ് ആശുപത്രി അധികൃതർ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ സ്പോട്ടിനെ ഒരു തെറാപ്പി ഡോഗായാണ് ഇവർ കാണുന്നത്.