കളമശേരി: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അടുത്തതോടെ കളമശേരിയിൽ സിപിഎം-സിപിഐ പോര് മുറുകുന്നു. തർക്കം മുറുകിയതോടെ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ തനിയെ മത്സരിക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചിരിക്കുകയാണ്.
ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെയും തൃക്കാക്കര സർവീസ് സഹകരണ ബാങ്കിന്റെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചയിലാണ് ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസമുയർന്നത്. കളമശേരി നഗരസഭ അതിർത്തിയിലുള്ളതാണ് ഇവ രണ്ടും.
ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കും തൃക്കാക്കര ബാങ്കും വർഷങ്ങളായി ഇടതുപക്ഷമാണ് ഭരിക്കുന്നത്. ഇടപ്പള്ളിയിലെ ബാങ്ക് തെരഞ്ഞടുപ്പിൽ പതിമൂന്ന് സീറ്റിൽ സിപിഐക്ക് ഒരു സീറ്റ് മാത്രമാണ് നൽകി വന്നിരുന്നത്. ഇത്തവണ സിപിഐ ഒരു സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണം.
ഇതിന് മറുപടിയായി തൃക്കാക്കര സർവീസ് സഹകരണ ബാങ്കിലും എൽഡിഎഫ് സംവിധാനം ഒഴിവാക്കി ഒറ്റക്ക് മത്സരിക്കാനുമാണ് സിപിഎം തീരുമാനം. തൃക്കാക്കര ബാങ്കിൽ പതിമൂന്ന് സീറ്റ് ആണുള്ളത്. നിലവിൽ ഇവിടെ പത്ത് സീറ്റ് സിപിഎമ്മിനും മൂന്നു സീറ്റ് സിപിഐക്കുമാണുള്ളത്.