കൊല്ലം: കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ കോകില എസ്.കുമാറും അച്ഛന് സുനില്‍കുമാറും മരിക്കാനിടയായ വാഹനാപകട കേസില്‍ ഒന്നാംപ്രതിക്ക് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ.
ശക്തികുളങ്ങര മറുമുളത്തോപ്പ് അലക്സിന്റെ മകന് അഖില്‍ അലക്സ് (21)ആണ് പ്രതി. പ്രായം കണക്കിലെടുത്താണ് ശിക്ഷ പരമാവധി കുറച്ചത്. നാലാം അഡീഷണല്‍ ജില്ലാകോടതി ജഡ്ജി കെ.കൃഷ്ണകുമാറാണ് ഇന്നലെ വിധി പറഞ്ഞത്. ഇന്ത്യന്‍ശിക്ഷാ നിയമം 304 പ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് ശിക്ഷാവിധി. കേസിലെ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെവിട്ടു.
വെസ്റ്റ് സിഐ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്. 25 സാക്ഷികളെ വിസ്തരിച്ചു. 45 രേഖകള്‍ പരിശോധിച്ചു. വാദിഭാഗത്തിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി.മഹേന്ദ്ര കോടതിയിൽ ഹാജരായി. 2016 സെപ്റ്റംബര്‍ 13 ഉത്രാടദിവസം രാത്രി ഫോര്‍ഡ് കാര്‍ ഇടിച്ചാണ് ബൈക്കില്‍ സഞ്ചരിച്ച കോകിലയും സുനിലും മരിച്ചത്. കാര്‍ ഓടിച്ചിരുന്നത് അഖില്‍ അലക്സായിരുന്നു. കാവനാട് ഐശ്വര്യ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങും വഴിയായിരുന്നു അപകടം.