തിരുവനന്തപുരം: ഇടതു സർക്കാരിന്റെ നയങ്ങൾക്കുള്ള അതിഗംഭീര പിന്തുണയാണ് ചെങ്ങന്നൂരിലെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിശക്തമായ അസത്യപ്രചാരണത്തിനിടയിലും സത്യം വേർതിരിച്ചു കാണാനുള്ള ജനങ്ങളുടെ കഴിവിനെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
നന്മയുടെയും ക്ഷേമത്തിന്റെയും മതനിരപേക്ഷതയുടേയും പക്ഷത്തിനൊപ്പം നിൽക്കാനുള്ള പുതിയൊരു രാഷ്ട്രീയ സംസ്കാരം രൂപപ്പെട്ടുവന്നിരിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിനു വേണ്ടി വികസന പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്ന പ്രതിപക്ഷ നിലപാടിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. മുൻപ് തങ്ങൾക്കൊപ്പം ഇല്ലാതിരുന്ന ഇത്തവണ ഇടതുപക്ഷത്തിനു വോട്ടു ചെയ്ത വിഭാഗത്തെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.