സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ-പാലക്കാട് ദേശീയപാതയിലൂടെ പ്രതിദിനം കടന്നുപോകുന്ന ടാങ്കർലോറികളിൽ മിക്കവയും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി അപകടം നിറച്ചാണ് പാഞ്ഞുപോകുന്നത്. കേരളത്തിലെ മറ്റു റൂട്ടുകളിലും സ്ഥിതി വ്യത്യസ്തമല്ല. അപകടങ്ങൾ സംഭവിക്കുന്പോൾ മാത്രമാണ് ഇത്തരം സുരക്ഷാമുൻകരുതലുകളെക്കുറിച്ച് കുറച്ചു ദിവസം ചർച്ചകളുണ്ടാകുന്നത്.
കൊച്ചിയിൽ നിന്നും കോയന്പത്തൂർ വഴി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് രാസവസ്തുക്കളും ആസിഡും മറ്റും ടാങ്കർ ലോറികളിൽ കൊണ്ടുപോകുന്നത് പ്രധാനമായും തൃശൂർ-പാലക്കാട് ദേശീയപാതയിലൂടെയാണ്. കോഴിക്കോട് ഭാഗത്തേക്കുള്ളവ തൃശൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ വഴിയാണ് കടന്നുപോകുന്നത്.
പല സുരക്ഷാ നിർദ്ദേശങ്ങളും ഇത്തരം ടാങ്കർ ലോറികളിൽ പാലിക്കപ്പെടാറില്ലെന്ന് പോലീസ് തന്നെ പറയുന്നുണ്ട്. രണ്ടു ഡ്രൈവർമാരും ഒരു ക്ലീനറും ഗ്യാസ് ടാങ്കർ ലോറിയിലുണ്ടായിരിക്കണമെന്നാണ് നിബന്ധനയെങ്കിലും ഇത് പലപ്പോഴുമുണ്ടാകാറില്ല. ക്ലീനർ ലോറിയെടുക്കുന്ന സന്ദർഭങ്ങൾ വരെ ഉണ്ടാകാറുമുണ്ട്. ടണ് കണക്കിന് രാസവസ്തുക്കൾ നിറച്ച ടാങ്കറുകൾ ഇവരൊറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത് പലപ്പോഴും അപകടങ്ങളിലേക്കെത്തിക്കാറുണ്ട്.
അപകടമുണ്ടാകുന്പോൾ അത് കൈകാര്യം ചെയ്യാൻ കഴിവുള്ളവരാകണം ടാങ്കറുകൾ ഓടിക്കേണ്ടതെന്ന് പറയാറുണ്ടെങ്കിലും പലപ്പോഴും ഡ്രൈവർമാർക്ക് അതിന് പ്രാപ്തിയുണ്ടാകാറില്ല.അമിത വേഗതയാണ് മറ്റൊരു പ്രശ്നം. ഓവർ ടേക്കിംഗും അപകടത്തിന് കാരണമാകുന്നുണ്ട്. ലക്കുംലഗാനുമില്ലാതെ ടാങ്കറുകൾ ഓടിക്കുന്നതും ഓവർടേക്ക് ചെയ്യുന്നതും തിരക്കേറിയ പാതകളിൽ അപകടവും രൂക്ഷമായ ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. ടാങ്കർ ലോറികളുടെ പിന്നിൽ രേഖപ്പെടുത്തേണ്ട പല കാര്യങ്ങളും രേഖപ്പെടുത്താറില്ല.
ടാങ്കറിൽ കൊണ്ടുപോകുന്ന രാസവസ്തു ഏതാണെന്നും ടാങ്കറിലെ എത്ര കംപാർട്ടുമെന്റുകളിൽ അതുണ്ടെന്നും അതിന്റെ അളവ് എത്രയാണെന്നും അത് വീര്യം കൂടിയതാണോ മാരകമാണോ എന്നതും ചോർച്ചയുണ്ടായാൽ കൈക്കൊള്ളേണ്ട അടിയന്തിര നടപടിയെക്കുറിച്ചുമെല്ലാം ടാങ്കറിന് പിന്നിൽ രേഖപ്പെടുത്തേണ്ടതാണ്.
എന്നാൽ ഇതും പലപ്പോഴും ആരും ചെയ്യാറില്ല. ഇതുമൂലം ബുദ്ധിമുട്ടിലാകുന്നത് രക്ഷാപ്രവർത്തനത്തിന് പാഞ്ഞെത്തുന്ന ഫയർഫോഴ്സും പോലീസുമാണ്. മറിഞ്ഞ ലോറിയിലെ രാസവസ്തുവിനെക്കുറിച്ച് ഒന്നുമറിയാതെ രക്ഷാപ്രവർത്തനത്തിൽ ഏർപെടേണ്ട സ്ഥിതിയാണ് പലപ്പോഴും ഇവർക്കുണ്ടാകാറുള്ളത്.
ടാങ്കിലെ വാൽവുകൾക്ക് സംരക്ഷണ കവചമുണ്ടായിരിക്കണമെന്ന നിബന്ധനയും പലപ്പോഴും പാലിക്കപ്പെടാറില്ല. അപകടത്തിൽ പെടുന്ന ടാങ്കറുകളിൽ നിന്നും പാചകവാതകം മാറ്റാനുള്ള എമർജൻസി റെസ്പോണ്സബിൾ വെഹിക്കിൾ പ്രധാനപ്പെട്ട മേഖലകളിലേക്ക് കൂടി ലഭ്യമാക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. മംഗലാപുരത്തും കൊച്ചിയിലും ഇതുണ്ട്.
കേരളത്തിലെ പ്രധാനപ്പെട്ട ദേശീയപാതകളിലൂടെ കടന്നുപോകുന്ന ടാങ്കർ ലോറികൾ അപകടത്തിൽ പെട്ടാൽ പെട്ടന്ന് രക്ഷാപ്രവർത്തനത്തിന് എത്തും വിധം ഇത് കൂടുതൽ ജില്ലകളിൽ ലഭ്യമാക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.
ടാങ്കറുകൾ അപകടത്തിൽ പെടുന്പോഴുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും വലിയൊരു പ്രശ്നമാണ്.
മാരകമായ രാസവസ്തുക്കൾ, എളുപ്പത്തിൽ തീപിടിക്കുന്നതും സ്ഫോടനശേഷിയുള്ളതുമായ ഇന്ധനങ്ങൾ തുടങ്ങിയവയും നിറച്ച് ടാങ്കറുകൾ പായുന്നത് തടയാൻ ഇത്തരം വസ്തുക്കൾ നിർബന്ധമായും ഗുഡ്സ് ട്രെയിനിലൂടെ മാത്രം കടത്തുകയെന്നതാണ് സുരക്ഷിതത്വമെന്ന് പലതവണ ചൂണ്ടിക്കാണിച്ചിട്ടും അത് നടപ്പായില്ല.
കണ്ണൂർ ചാലയിലെ ദുരന്തം ഉണ്ടായപ്പോൾ ടാങ്കറുകളുടെ സുരക്ഷയെക്കുറിച്ച് ചർച്ചകളും മറ്റും നടന്നെങ്കിലും പിന്നീടെല്ലാം അവസാനിച്ചു. അപകടം സംഭവിച്ചാൽ ഒരു പ്രദേശം മുഴുവനായും കത്തിച്ചാന്പലാക്കാൻ ശേഷിയുള്ള പെട്രോളിയം ഉത്പന്നങ്ങളും രാസപദാർത്ഥങ്ങളുമെല്ലാമായാണ് ടാങ്കറുകൾ റോഡിലൂടെ കുതിച്ചു പായുന്നത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ടാങ്കറുകളുടെ അപകടം വിതച്ചുകൊണ്ടുള്ള ഈ കുതിച്ചോട്ടം.തുടർച്ചയായ ടാങ്കർ ലോറി അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഒരു മാന്വൽ പുറത്തിറക്കിയിട്ടുണ്ടെങ്കിലും അതിലെ നിർദ്ദേശങ്ങൾ പാലിക്കപ്പെടാറില്ല.
പകൽ സമയത്ത് രാസവസ്തുക്കളുമായുള്ള ടാങ്കർ ലോറികളുടെ യാത്രകൾക്ക് വിലക്കുണ്ടെങ്കിലും അതൊക്കെ ലംഘിക്കപ്പെടുകയാണ്.