നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയ്ക്ക് ഏല്ക്കുന്ന തിരിച്ചടി തുടരുന്നു. ഇന്നലെ പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ബി.ജെ.പിയുടെ ലോക്സഭയിലെ അംഗബലം 273 ആയി കുറഞ്ഞു. 282 സീറ്റുമായാണ് ബി.ജെ.പി 2014 ല്‍ അധികാരം പിടിക്കുന്നത്.
എന്നാല്‍ നാലുവര്‍ഷത്തിനിടെ എട്ട് ലോക്സഭാസീറ്റുകളാണ് ബി.ജെ.പിയ്ക്ക് നഷ്ടമായത്. ആകെ നടന്ന 27 ഉപതെരഞ്ഞെടുപ്പുകളില്‍ അഞ്ച് സീറ്റില്‍ മാത്രമാണ് ബി.ജെ.പി സഖ്യത്തിന് വിജയിക്കാനായത്.
ഉപതെരഞ്ഞെടുപ്പ് നടന്ന 27 സീറ്റുകളില്‍ 11 സീറ്റുകള്‍ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായിരുന്നു. ഇവയില്‍ ആറിടത്തും ബി.ജെ.പിയ്ക്ക് തോല്‍വിയായിരുന്നു ഫലം. ഇന്നലെ പുറത്തുവന്ന നാല് ലോക്സഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തിലും ബി.ജെ.പിയുടെ രണ്ട് സീറ്റുകള്‍ പ്രതിപക്ഷം പിടിച്ചെടുക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ കയ്റാനയില് പ്രതിപക്ഷവിശാലസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ ആര്.എല്‍.ഡിയിലെ തബസും ഹസന് 49291 വോട്ടിനാണ് വിജയിച്ചത്. നേരത്തെ യു.പിയിലെ ഫുല്‍പൂരിലും ഗോരഖ്പൂരിലും ബി.ജെ.പി കനത്ത പരാജയം നേരിട്ടിരുന്നു.