ലിമ: ലോകകപ്പ് ഫുട്ബോളിനു പന്തുരുളാൻ ദിനങ്ങൾമാത്രം ശേഷിക്കേ പെറുവിന് ആശ്വാസമായി ക്യാപ്റ്റൻ പൗളോ ഗ്വെറേറോയുടെ വിലക്ക് നീക്കിയുള്ള കോടതി വിധിയെത്തി. മുപ്പത്തിനാലുകാരനായ ഗ്വെറേറോയുടെ അപ്പീൽ പരിഗണിച്ച രാജ്യാന്തര കായിക കോടതിയാണ് വിലക്ക് താത്കാലികമായി നീക്കിയത്. പെറു ക്യാപ്റ്റന്റെ ശരീരത്തിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു കോടതി അദ്ദേഹത്തിന് 14 മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ഗ്വെറേറോയുടെ വിലക്ക് നീക്കണമെന്ന ആവശ്യവുമായി ലോകകപ്പിൽ പെറുവിനൊപ്പം ഗ്രൂപ്പ് സിയിലുള്ള ഫ്രാൻസ്, ഡെന്മാർക്ക്, ഓസ്ട്രേലിയ എന്നിവയുടെ ക്യാപ്റ്റന്മാർ ഫിഫയ്ക്ക് കത്തെഴുതിയിരുന്നു.
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യാത റൗണ്ടിൽ അർജന്റീനയ്ക്കെതിരായ മത്സശേഷമായിരുന്നു ഗ്വെറേറോയുടെ രക്ത സാന്പിളിൽ നിരോധിക്കപ്പെട്ട കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് ഫിഫ പെറു ക്യാപ്റ്റന് ഒരു വർഷം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ന്യൂസിലൻഡിനെതിരേ പ്ലേഓഫ് കളിച്ചാണ് പെറു ലോകകപ്പ് യോഗ്യത നേടിയത്. 1982നുശേഷം ആദ്യമായാണ് പെറു ലോകകപ്പിനെത്തുന്നത്.