കൊച്ചി: ഗോശ്രീ പാലത്തിൽനിന്നു കായലിലേക്ക് ചാടിയ വീട്ടമ്മയെ കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ തുടരുന്നു. അങ്കമാലി മാന്പ്ര കോടാലിവളപ്പിൽ ലിസി(44)യെ കണ്ടെത്തുന്നതിനാണു പോലീസും ഫയർഫോഴ്സും കോസ്റ്റൽ പോലീസും സംയുക്തമായി തെരച്ചിൽ നടത്തുന്നത്.
ഇന്നലെ രാവിലെ 10.30നാണ് ഗോശ്രീ രണ്ടാം പാലത്തിൽനിന്നു വീട്ടമ്മ കായിലിലേക്ക് ചാടിയത്. വീട്ടമ്മ താഴേക്ക് ചാടുന്നതുകണ്ട് ബൈക്ക് യാത്രികരാണു മുളവുകാട് പോലീസിൽ വിവരം അറിയിച്ചത്. ഉടൻ പോലീസ് സ്ഥലത്തെത്തി തെരച്ചിൽ ആരംഭിക്കുകയുമായിരുന്നു. ഫയർഫോഴ്സും കോസ്റ്റൽ പോലീസും ഉൾപ്പെടെ ഇന്നലെ വൈകിട്ടുവരെ തെരച്ചിൽ നടത്തിയെങ്കിലും വീട്ടമ്മയെ കണ്ടെത്താനായിരുന്നില്ല.
അടിയൊഴുക്ക് ശക്തമായതിനാൽ വൈകുന്നേരം ആറോടെ തെരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ലിസി വർഷങ്ങളായി പ്രമേഹ രോഗിയാണ്. മൂന്നു മാസം മുന്പ് ഇവർക്ക് രക്താർബുദം ഉള്ളതായി ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ വിഷമത്തിലാകാം പാലത്തിൽനിന്ന് ചാടിയതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.