കൊച്ചി: കളിയും ചിരിയും കരച്ചിലും ഒപ്പം കുസൃതിയുമായി കുരുന്നുകൾ, ഉത്സവാന്തരീക്ഷത്തിൽ പുതിയ അധ്യയന വർഷത്തിനു തുടക്കം. ആഘോഷങ്ങൾ നിറഞ്ഞുനിന്ന ചടങ്ങിൽ മധുരവും സമ്മാനപൊതികളും വിതരണം ചെയ്തുകൊണ്ടാണ് ഒന്നാം ക്ലാസ് വിദ്യാർഥികളായ നവാഗതരെ സ്കൂളുകളിലേക്ക് സ്വാഗതം ചെയ്തത്. വർണ ബലൂണുകളും കിരീടങ്ങളും നൽകി കുട്ടികളെ സന്തോഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിതാക്കളുടെ കൈയും പിടിച്ച് കരഞ്ഞുകൊണ്ട് പിന്തിരിഞ്ഞവരും ഏറെ.
ക്ലാസുകളിൽ പ്രവേശിച്ചവരിൽ ഏറെപ്പേരും കൂട്ടുകാർക്കൊപ്പം സമയം ചെലവഴിച്ചെങ്കിലും ചില കുസൃതിക്കുരുന്നുകൾ കരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു. വീടുകളിലേക്കു മടങ്ങണമെന്നു വാശിപിടിച്ച് കരഞ്ഞ കുട്ടികളെ നന്നേ പാടുപെട്ടാണ് അധ്യാപകർ സ്വാന്തനിപ്പിച്ചത്. പിറവം ഉപജില്ലയിലെ മണീട് ഗവ. എൽപി സ്കൂളിലാണ് എറണാകുളം റവന്യൂ ജില്ലാതല സ്കൂൾ പ്രവേശനോത്സവം നടന്നത്.
രാവിലെ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ 35 കുട്ടികൾ എംഎൽയോടൊപ്പം മണ്ചിരാതുകൾക്കു തിരികൊളുത്തി. പ്രവേശനോത്സവത്തോടനുബന്ധിച്ച് പൊതുവിദ്യാലയങ്ങളിലെത്തുന്ന മുഴുവൻ വിദ്യാർഥികൾക്കും പച്ചക്കറി വിത്ത് പൊതികളും വൃക്ഷത്തൈകളും വിതരണം ചെയ്തു.
ഇതിനായി 2,75,000 പച്ചക്കറി വിത്ത് പൊതികളും മൂന്ന് ലക്ഷത്തോളം വൃക്ഷത്തൈകളുമാണ് സംസ്ഥാന വനം വകുപ്പ് ഒരുക്കിയിരുന്നത്. പൂർണമായും ഹരിത നടപടിക്രമങ്ങൾ പാലിച്ചായിരുന്നു അലങ്കാരങ്ങളും ആഘോഷങ്ങളും. കഴിഞ്ഞ വർഷം 20,500 വിദ്യാർഥികൾ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയിടത്തു 22,000 വിദ്യാർഥികളെയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്.
വിതരണത്തിനുള്ള സ്കൂൾ യൂണിഫോമുകളും പുസ്തകങ്ങളും സ്കൂളുകളിൽ എത്തിക്കഴിഞ്ഞു. പൊതുവിദ്യാലയങ്ങൾ ഹരിതവിദ്യാലയങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷൻ തയ്യാറാക്കിയ ’ഹരിതോത്സവം’ കൈപ്പുസ്തകം ഒരു ക്ലാസ്സിൽ ഒരു പുസ്തകം എന്ന കണക്കിൽ എല്ലാ സ്കൂളുകളിലും ഇന്നു തന്നെ വിതരണം ചെയ്യും.