പട്ടിക്കാട്: ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടലാണ് കൊന്പഴയിൽ ഫിനോൾ നിറച്ച ടാങ്കർ ലോറി മറിഞ്ഞപ്പോൾ ഒഴിവായത്. ഫിനോളാണ് ടാങ്കർ ലോറിയിലെന്ന് അറിയാതെയാണ് സന്ദേശം ലഭിച്ചയുടനെ തൃശൂരിൽ നിന്ന് ജില്ലാ ഫയർ ഓഫീസർ ജെ.എസ്.സുജിത് കുമാർ, സ്റ്റേഷൻ ഓഫീസർ എ.എൽ.ലാസർ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങൾ കുതിരാനിലേക്ക് പാഞ്ഞത്.
പുലർച്ചെ ഒന്നരയോടെ അപകടമുണ്ടായതറിഞ്ഞ് സന്ദേശം ലഭിച്ചയുടൻ പുറപ്പെട്ട ഫയർഫോഴ്സ് സംഘം 2.05 കുതിരാനിൽ കുതിച്ചെത്തി. ഏതോ രാസപദാർഥമാണെന്ന സൂചന സന്ദേശം അറിയിച്ചവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഫിനോൾ ആണെന്ന കാര്യം അറിയാതെയാണ് ഫയർഫോഴ്സ് സ്ഥലത്തെത്തിയത്. സ്ഥലത്തെത്തിയ ഉടൻ രാസപദാർഷം മഴവെള്ളത്തിലൂടെ ചാലിലൂടെ ഒഴുകുന്നത് ശ്രദ്ധയിൽ പെട്ടതോടെ മണ്ണിട്ട് അത് തടയുകയാണ് ആദ്യം ചെയ്തത്.
ഇതിനിടെ ലോറിയിൽ ഫിനോളാണെന്ന് അറിഞ്ഞതോടെ കാൽ നൂറ്റാണ്ട് മുന്പ് കൊന്പഴയിൽ മറിഞ്ഞ സംഭവം ഓർമയിലേക്കെത്തി. പിന്നീട് 18 അംഗം ഫയർഫോഴ്സംഗം ഉണർന്നു പ്രവർത്തിച്ചു. ഉടൻ തന്നെ ടാങ്കർ മറിഞ്ഞ സ്ഥലത്തിനടുത്ത് വലിയ കുഴിയുണ്ടാക്കി അതിൽ ടാർപോളിനിട്ട് ഒഴുകുന്ന ഫിനോൾ കുഴിയിലേക്ക് എത്തിച്ചു.
ഒരു മണിക്കൂറിനുള്ളിൽ ഫിനോൾ ഒഴുകുന്നത് തടയാൻ സംഘത്തിനു കഴിഞ്ഞു. പുലർച്ചെ മൂന്നോടെ കാര്യങ്ങൾ നിയന്ത്രണത്തിലാക്കിയെങ്കിലും രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ലീഡിംഗ് ഫയർമാൻ ഹരികുമാർ, സനോദ് എന്നിവർക്ക് പൊള്ളലേറ്റു. നാട്ടുകാരും പീച്ചി, ഹൈവേ പോലീസും സ്ഥലത്ത് ഫിനോൾ ഒഴുക്ക് നിയന്ത്രിക്കാൻ വേണ്ട് നീക്കങ്ങൾക്ക് സഹായം നൽകി.
നേരം പുലർന്നതോടെ ഫിനോൾ ഒഴുക്ക് നിയന്ത്രിച്ച് നിർത്തി വൻ ദുരന്തം ഒഴിവാക്കിയതിന്റെ ആശ്വാസത്തിലായിരുന്നു ഫയർഫോഴ്സും പോലീസും നാട്ടുകാരും. വിനീത്, ചന്ദ്രബാബു, സന്തോഷ്കുമാർ, അനിൽജിത്, പി.ആർ.രഞ്ജിത്, എം.മധുപ്രസാദ്, എം.മനുക്കുട്ടൻ, ബി.ദിനേഷ്, ലൈജു, സഞ്ജിത് എന്നിവരും ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.