പയ്യന്നൂര്‍: മദ്യത്തിന് വേണ്ടി പാതിരാത്രിയില്‍ ബാര്‍ ഹോട്ടലില്‍ അക്രമം. ഏഴുപേര്‍ക്ക് പരിക്ക്. 4 പേര് അറസ്റ്റില്‍. ഇന്നു പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. പയ്യന്നൂര്‍ വൈശാഖ് ഇന്റര്‍നാഷണല്‍ ഹോട്ടലിലാണ് അക്രമമുണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരുള്പ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.
മാനേജരുടെ പരാതിയില്‍ പയ്യന്നൂര്‍പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.അക്രമത്തില്‍ പരിക്കേറ്റ താലൂക്ക് അശുപത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന വൈശാഖ് ഇന്റർ നാഷണല്‍ ഹോട്ടല്‍ ജീവനക്കാരായ ഏലാന്തിക്കുളങ്ങര പ്രദീഷ്കുമാര്‍ (21), കൊട്ടത്ത് വീട്ടില്‍ രമേശന് (42), വള്ളിക്കാട്ട് മേച്ചേത്തി പറമ്പില്‍ ദിലീപ് (35) എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോട്ടല്‍ മാനേജര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ നിലയില്‍ ഹോട്ടല്‍ മുറിയില്‍ താമസിച്ച നാലുപേരെ കസ്റ്റഡിയിലെടുത്തു.പഴയങ്ങാടിയിലെ സുനീഷ് (34),പയ്യന്നൂര്‍ കേളോത്ത് സ്വദേശികളായ മിഥുന്(27), ഹരികൃഷ്ണന് (25), പി.വിഷ്ണു(25)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ഹോട്ടലില്‍ മുറിയെടുത്തവരാണ് അക്രമം നടത്തിയതെന്ന മാനേജര്‍ വി.എം.ദിലീപ് പോലീസില്‍ നല്കിയ പരാതിയില്‍ ഇവരെ അറസ്റ്റ് ചെയ്തു.പാതിരാത്രിയില്‍ മദ്യം ചോദിച്ചു വന്നവര്‍ക്ക് മദ്യം നല്‍കാതിരുന്നതിനെ തുടര്‍ന്ന് റിസപ്ഷനിസ്റ്റിനെ മുറിയില്‍ കൊണ്ടുപോയി തടങ്കലില്‍വെച്ച് മര്‍ദ്ദിച്ചെന്നും ഇത് തടയാനെത്തിയ ജീവനക്കാരെ കുപ്പികൊണ്ടും പ്ലേറ്റും കൊണ്ടും മര്‍ദ്ദിച്ചെന്നുമാണ് പരാതി.