മലയാള സിനിമാലോകത്തെയും ഒപ്പം സിനിമാസ്വാദരെ മുഴുവനെയും ഞെട്ടിച്ച സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. അതിനുശേഷം മലയാള സിനിമയില്‍ രണ്ട് തട്ടുതന്നെ രൂപപ്പെടുകയും ചെയ്തു. അത്തരത്തില്‍ സിനിമാ മേഖലയില്‍ സ്ത്രീകള്‍ വളരെയേറെ ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നുണ്ടെന്നും അതിനെതിരെ പ്രതികരിക്കാനെന്ന രീതിയിലും രൂപം കൊടുത്ത സംഘടനയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ്.
അതേസമയം ഡബ്ലുസിസി തുടങ്ങുന്നതിനെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നും തങ്ങളെ അതിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും വ്യക്തമാക്കി നിരവധി അഭിനേത്രികളും രംഗത്തെത്തിയിരുന്നു. ഡബ്ലുസിസി യെ വിമര്‍ശിച്ച് നിരവധി പൊതുജനങ്ങളും എത്തിയിരുന്നു. താരസംഘടനയായ അമ്മയുമായി ഉടക്കിപ്പിരിഞ്ഞാണ് ഡബ്ലുസിസി തുടങ്ങിയതെന്ന ആക്ഷേപവും ഉയര്‍ന്നെങ്കിലും അത് ഡബ്ലുസിസി നിഷേധിക്കുകയാണുണ്ടായത്.
എന്നാല്‍ ഇപ്പോഴിതാ, താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് തലസ്ഥാന നഗരിയില്‍ നടത്തിയ അമ്മ മഴവില്‍ ഷോയില്‍ വനിതാസംഘടനയെ പരിഹസിച്ച് സ്കിറ്റും അവതരിപ്പിച്ചിരിക്കുന്നു. മലയാളത്തിലെ തലമുതിര്‍ന്ന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വനിതാസംഘടനയെ ട്രോളുന്ന സ്കിറ്റില്‍ ഭാഗമായി എന്നതാണ് ശ്രദ്ധേയമായ കാര്യം. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിനെതിരെ പാര്‍വതി സംസാരിച്ച സംഭവത്തെ മുന്‍നിര്‍ത്തിയാണ് അമ്മ മഴവില്‍ ഷോയില്‍ ഡബ്ല്യു.സി.സിക്കെതിരെ സ്കിറ്റ് അവതരിപ്പിച്ചത്.
സുരഭി, മഞ്ജുപിള്ള, അനന്യ, കുക്കു, പൊന്നമ്മ ബാബു, ആര്യ തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തിയ അമ്മ മഴവില്‍ സ്കിറ്റില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ സിദ്ദിക്കും അഭിനയിച്ചിട്ടുണ്ട്. സ്ത്രീസുരക്ഷ, വസ്ത്രധാരണം, ശാരീരികമായ പ്രത്യേകതകള്‍ എന്നിവയൊക്കെ ട്രോളുന്ന സ്കിറ്റില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണുമ്പോള്‍ തന്നെ വശീകരിക്കപ്പെടുന്നവരാണ് വനിതാസംഘടനയിലെ സ്ത്രീകളെന്നും സ്വന്തമായി യാതൊരു അഭിപ്രായവും നിലപാടും ഇല്ലാത്തവരാണ് അവരെന്നും പരിഹസിക്കുന്നുണ്ട്.
എന്നാല്‍ അമ്മയുടെ ഈ പരിപാടി തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നാണ് വിമെന്‍ ഇന്‍ കളക്ടീവ് അംഗങ്ങളുടെ അഭിപ്രായം. എന്നാല്‍, ഇത്തരം പരിഹാസങ്ങളും കൂക്കുവിളികളും തങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ ഒരുതരത്തിലും ബാധിക്കുകയില്ലെന്നും ഡബ്ല്യു.സി.സി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.