മാവേലിക്കര: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള കാർ ഉടമയ്ക്ക് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവ്. നൂറനാട് സി.ബി ഇലക്ട്രിക്കൽസ് ഉടമ സി.പ്രസന്നകുമാരൻ ഉണ്ണിത്താന്റെ ഉടമസ്ഥയിലുള്ള ജർമൻ പോർഷേ കാറാണ് ഒരാഴ്ച മുന്പ് കേരളത്തിലെ രജിസ്ട്രേഷനായി നികുതി അടച്ചില്ലെന്ന് ആരോപിച്ച് മാവേലിക്കര മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നത്.
ഇതിനെതിരെ പ്രസന്നകുമാരൻ ഉണ്ണിത്താൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് വാഹനം വിട്ടുനൽകണമെന്ന് നിർദ്ദേശിച്ചുകൊണ്ടുള്ള കോടതിയുടെ ഉത്തരവുണ്ടായത്.വാഹനം പിടിച്ചെടുത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്.
കേരളത്തിലെ രജിസ്ട്രേഷനായി നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട് കായംകുളം ആർ.ടി ഓഫീസിൽ നിന്ന് നൽകിയ നോട്ടീസിന് പ്രസന്നകുമാരൻ ഉണ്ണിത്താൻ മറുപടി നൽകിയിരുന്നു. ഇതിൽ തുടർ നടപടി ഉണ്ടാകുന്നതിന് മുന്പാണ് ആർ.ടി.ഓയുടെ നിർദ്ദേശപ്രകാരം മാവേലിക്കര ജോ.ആർ.ടി.ഒയും സംഘവും വാഹനം പിടിച്ചെടുത്തത്.
മാഹിയിലെ സി.ബി ഏജൻസിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് കാർ. മാവേലിക്കര ജോ.ആർ.ടി.ഒ പി.എൻ സുരേഷ് കുമാർ, എം.വി.ഐമാരായ സിയാദ്, ഡാനിയേൽ സ്റ്റീഫൻ, എ.എം.വി.ഐമാരായ ആർ.ജിനേഷ്, ആർ.അജയകുമാർ, പി.സി അജയൻ എന്നിവരടങ്ങുന്ന സംഘമാണ് വാഹനം പിടിച്ചെടുത്തത്. കാറിന് നികുതിയിനത്തിൽ 22 ലക്ഷം രൂപ അടക്കാതെ കാർ വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ.
എന്നാൽ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് തർക്കമുണ്ടെങ്കിൽ കേസ് എടുക്കുകയാണ് വേണ്ടതെന്നും വാഹനം പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് അധികാരം ഇല്ലെന്നും കോടതി വിധിന്യായത്തിൽ പറയുന്നു. കോടതി വിധിയുടെ അടിസ്ഥനത്തിൽ ഇന്നലെ പ്രസന്നകുമാരൻ ഉണ്ണിത്താൻ മാവേലിക്കര ജോ.ആർ.ടി ഓഫീസിലെത്തി വാഹനം തിരികെവാങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ ചെയ്യാനാണ് വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും അതിനെതിരെ കോടതിയെ സമീപിക്കുമെന്നും പ്രസന്നകുമാരൻ ഉണ്ണിത്താൻ പറഞ്ഞു. എന്നാൽ ആർ.ടി.ഓയുടെ നിർദ്ദേശപ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്നും കോടതി ഉത്തവിന്റെ അടിസ്ഥനത്തിൽ വാഹനം വിട്ടുനൽകുകയാണെന്നും ജോ.ആർ.ടി.ഒ പി.എൻ സുരേഷ് കുമാർ പറഞ്ഞു.