കാട്ടാക്കട: മന്ത്രി ഒന്നു ശ്രദ്ധിക്കുമോ ഇവിടെ സ്കൂളുമില്ല, പഠനവുമില്ല. ആദിവാസി കുട്ടികൾക്ക് പഠിക്കണമെങ്കിൽ കാടിറങ്ങണം. അതിനാൽ തന്നെ ഇക്കുറിയും കുട്ടികൾ അമ്പും വില്ലുമായി വനവിഭവങ്ങൾ ശേഖരിക്കാൻ പോകും. അഗസ്ത്യ വനത്തിലെ ആദിവാസി കുട്ടികളാണ് പഠിക്കാൻ കഴിയാതെ ഒറ്റപ്പെട്ടപോകുന്നത്. പഠിക്കാൻ താൽപര്യമുണ്ട്.പക്ഷേ എവിടെ പോയി പോയി പഠിക്കും. ഉണ്ടായിരുന്ന വിദ്യാലയം അടച്ചുപൂട്ടി.
അതിനാൽ തങ്ങളുടെ കൂടെ ഉൾകാട്ടിൽ വരട്ടെ , വനവിഭവങ്ങൾ ശേഖരിക്കട്ടെ. ഇതാണ് അഗസ്ത്യവനത്തിലെ കുട്ടികളുടെ നില. പഠിക്കാൻ സ്കൂളുമില്ല, പാഠപുസ്തകങ്ങളുമില്ല. വനത്തിൽ ആദിവാസികുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയങ്ങളാണ് ഇവരുടെ സ്കൂൾ.
ഇപ്പോൾ ആദിവാസി കുട്ടികൾക്ക് പഠനത്തിനായി പ്രവർത്തിച്ചു വന്നിരുന്ന ഏകാധ്യാപക വിദ്യാലയങ്ങൾ ഇല്ലാതായി. കുറ്റിച്ചൽ പഞ്ചായത്തിലെ 27 ആദിവാസി ഊരുകൾക്കായി ഉണ്ടായിരുന്ന ആറ് സ്കൂളുകളിൽ ഒരെണ്ണം മാത്രം പ്രവർത്തിക്കുന്നു. പൊടിയത്ത് അഞ്ച് മുതൽ 16 വരെ പ്രായമുള്ള കുട്ടികളാണ് ഏകാധ്യാപക സ്കൂളുകളിൽ പഠിച്ചിരുന്നത്.
സ്കൂളുകൾ പൂട്ടിയതോടെ പല ഊരുകളിലെയും കുട്ടികളുടെ പഠനവും നിലച്ച മട്ടായി. നാടുമായി അടുത്ത് കിടക്കുന്ന ഊരുകളിൽ നിന്നുള്ളവർ കോട്ടൂരും കുറ്റിച്ചലിലുമെത്തി പഠിക്കുന്നുണ്ട്. എന്നാൽ 15 ഉം 20 ഉം കിലോമീറ്റർ ഉള്ളിൽ നിന്ന് കാട്ടിലൂടെ നടന്നെത്താനുള്ള ബുദ്ധിമുട്ടു കാരണം ഇവിടങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾക്ക് അക്ഷരം അന്യമായ സ്ഥിതിയിലാണ്.
യാത്രാസൗകര്യം ഇല്ലാത്തത് മുതിർന്നവരുടെ പഠനത്തെയും ബാധിച്ചിട്ടുണ്ട്.സ്കൂളുകൾ പൂട്ടിയതിനു മതിയായ കാരണം പറയാൻ ചുമതല ഉണ്ടായിരുന്ന ബ്ലോക്ക് റിസോഴ്സ് സെന്റർ അധികൃതർക്കും കഴിയുന്നില്ല. വിദ്യാഭ്യാസ വകുപ്പ് നേരിട്ടാണ് ഇപ്പോൾ ഇത്തരം സ്കൂളുകൾ നടത്തുന്നതെന്നും പഠനോപകരണം എത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും അവർ പറഞ്ഞു.
ഓലയും ഷീറ്റും ഇട്ട് മേൽക്കൂരയും ചുള്ളിക്കമ്പ് കൊണ്ട് ചുവരും വച്ച കൂരകളിൽ ആയിരുന്നു എല്ലാ സ്കൂളുകളും
കുറഞ്ഞ വേതനത്തിൽ ഇവിടെ ഒക്കെ പഠിപ്പിച്ചിരുന്ന അധ്യാപകരും വരാതായതോടെ സ്കൂളുകൾ ഒന്നൊന്നായി അടയുകയാണ്
അഗസ്ത്യ വനത്തിലെ 27 ആദിവാസി സെറ്റിൽമെന്റുകളിലെ കുട്ടികൾക്ക് മെച്ചപെട്ട വിദ്യാഭ്യാസം ഉറപ്പു വരുത്തണം എന്ന നിരന്തര ആവശ്യത്തെ തുടർന്നാണ് കുറ്റിച്ചൽ പഞ്ചായത്തിൽ അഗസ്ത്യ വനത്തിനുള്ളിൽ ആദിവാസി കുട്ടികൾക്കായി മോഡൽ റസിഡൻഷ്യൽ സ്കൂൾ ആരംഭിക്കും എന്ന് പ്രഖ്യാപിച്ചത് .
അഗസ്ത്യ വനത്തിലെ ഉൾഭാഗത്തുള്ള ആദിവാസി ഊരുകളിൽ നിന്നും കാട്ടാനകളും വന്യ മൃഗങ്ങളും നിറഞ്ഞ കൊടും കാട്ടിലൂടെ 30 ഉം 40 ഉം കിലോമീറ്റർ കാൽ നടയായി സഞ്ചരിച്ച് കോട്ടൂരും കുറ്റിച്ചലിലും എത്തി പഠിക്കുക എന്നത് ഏറെ ദുഷ്കരമായതോടെ ആണ് കുട്ടികൾ പഠനം തന്നെ നിർത്താൻ നിർബന്ധിതമായത് .
ആദിവാസി കുട്ടികളുടെ ഈ കൊഴിഞ്ഞു പോക്ക് ചർച്ചാ വിഷയമാവുകയും മൂന്ന് വർഷം മുൻപ് നിയമസഭയിൽ ബജറ്റ് പ്രസംഗത്തിൽ അഗസ്ത്യ വനത്തിനുള്ളിൽ ആദിവാസി കുട്ടികൾക്കായി മോഡൽ റസിഡൻഷ്യൽ സ്കൂൾ ആരംഭിക്കും എന്ന് പ്രഖ്യാപിച്ചത് .ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചതായും പ്രഖ്യാപിച്ചു .
മോഡൽ റസിഡൻഷ്യൽ സ്കൂൾ ആരംഭിക്കാൻ വാലിപാറ ആദിവാസി സെറ്റിൽമെന്റിൽ ഒരേക്കർ ഭൂമിയും കണ്ടെത്തി നൽകി.എന്നാൽ സ്കൂൾ ചിലരുടെ സമ്മർദത്തിനു വഴങ്ങി വന മേഖലക്ക് പുറത്താണ് സ്കൂൾ വന്നത്. ഇവിടേക്ക് കാട് വിട്ടു വരാൻ ആദിവാസി കുട്ടികൾ തയ്യാറായല്ലാത്തിനാൽ അവർക്ക് ഇപ്പോഴും പഠനം അന്യമായി നിൽക്കുകയാണ്.