അടുത്തിടെ നടന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജനവിധി എതിരായിരുന്നുവെങ്കിലും രാഷ്ട്രീയ പോരാട്ടത്തില്‍ അവസാന ചിരി കോണ്‍ഗ്രസിന്റേതായി. തൊട്ടുപിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കാനും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ക്കായി.
എന്നാല്‍, കോണ്‍ഗ്രസിന് ആശ്വാസിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നത്. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുകയെന്ന ഒരൊറ്റ ലക്ഷ്യം വച്ചാണ് കോണ്‍ഗ്രസിന്റെ കരുനീക്കങ്ങള്‍. എന്നാല്‍ കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകാനേ ഈ നീക്കങ്ങള്‍ വഴിവയ്ക്കുകയുള്ളുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ തന്നെ അതിന് വ്യക്തമായ തെളിവാണ്. മിക്കയിടത്തും പ്രതിപക്ഷ കക്ഷികള്‍ക്ക് മുന്നില്‍ ബിജെപിക്ക് അടിത്തറ ഇളകിയെന്നത് സത്യം. പക്ഷേ ഇവിടങ്ങളില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടായോ? മിക്കയിടത്തും എസ്പിയും ആര്‍ജെഡിയും പ്രതിപക്ഷ ഐക്യ സ്ഥാനാര്‍ഥികളുമാണ് ജയിച്ചു കയറിയത്.
കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ചെങ്ങന്നൂരില്‍ പോലും സ്ഥിതി വ്യത്യസ്തമല്ല. ഇപ്പോള്‍ നല്ല ബന്ധത്തിലാണെങ്കിലും നാളെകളില്‍ ഈ പാര്‍ട്ടികളെല്ലാം ഒപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്കു പോലും വിശ്വാസമുണ്ടാകില്ല. മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത് അതാണ്. മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ തകര്‍ന്നു. ബൂത്തു കമ്മിറ്റികള്‍ ദുര്‍ബലമായി
കോണ്‍ഗ്രസ് ശക്തമായിരുന്ന സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ ഒന്നു പരിശോധിക്കാം.
ഉത്തര്‍പ്രദേശ് – ബിജെപി, എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ക്കും പിന്നിലാണ് ഇവിടെ എല്ലാത്തരത്തിലും കോണ്‍ഗ്രസ്
ബംഗാള്‍ – തൃണമൂല്‍ കോണ്‍ഗ്രസ് ശക്തര്‍. സിപിഎമ്മിനെ പിന്തള്ളി ഇവിടെ ബിജെപിക്കാണ് കൂടുതല്‍ അടിത്തറയുള്ളത്. കോണ്‍ഗ്രസിന്റെ സ്ഥിതി അതിദയനീയം
ആന്ധ്രപ്രദേശ്- ഒന്നാം യുപിഎ സര്‍ക്കാരിനെ അധികാരത്തിലേറ്റിയ സംസ്ഥാനം. വൈഎസ് രാജശേഖര റെഡ്ഡിയെന്ന അതികായന് വിടവാങ്ങിയതോടെ കോണ്‍ഗ്രസിന്റെ പതനവും തുടങ്ങി. ഇപ്പോള്‍ തെലുങ്കുദേശം പാര്‍ട്ടിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിനും പിന്നിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനം. ബിജെപിയും അത്ര ശക്തമല്ല.
തെലുങ്കാന– ചന്ദ്രശേഖര്‍ റാവുന്റെ ടിആര്‍എസ് തന്നെ ശക്തര്‍. ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ദുര്‍ബലര്‍.
തമിഴ്നാട്- ദ്രാവിഡ കക്ഷികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസിന് കാര്യമായ വേരോട്ടമില്ല.
ഇപ്പോള്‍ യുപിയിലും, ബംഗാളിലും, മഹാരാഷ്ട്രയിലും, മറ്റു സംസ്ഥാനങ്ങളിലെല്ലാം തന്നെ അവിടുത്തെ പ്രാദേശിക പാര്‍ട്ടികള്‍ മേല്‍ക്കോയ്മ കാണിക്കുന്നു. അവരുടെ നേതൃത്വത്തിലുള്ള മുന്നണികളിലെ ഒരു ഘടകകക്ഷി മാത്രമായി കോണ്‍ഗ്രസിനെ കാണുന്നു.
അത്തരം ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞു. 13 പ്രാദേശികപാര്‍ട്ടി നേതാക്കളും പ്രധാനമന്ത്രി സ്ഥാനം സ്വപ്നം കാണുന്നതിനാല്‍ തങ്ങളുടെ സീറ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ തയാറാവുകയില്ല.
ബിജെപിയെന്ന മഹാശത്രുവിനെ ഒതുക്കാന്‍ താല്‍ക്കാലിക ലാഭത്തിനായി പ്രാദേശിക പാര്‍ട്ടികളുമായി അമിത വിധേയത്വത്തോടെയുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ക്കുമെന്ന് പല മുതിര്‍ന്ന നേതാക്കളും മുന്നറിയിപ്പ് നല്കുന്നു.
രണ്ടാം യുപിഎ സര്‍ക്കാരിന് പറ്റിയ ഏറ്റവും വലിയ പാളിച്ച സഖ്യകക്ഷികളുടെ മന്ത്രിമാരുടെ അഴിമതിയും സ്വജനപക്ഷപാതവും ആയിരുന്നു. 2019ല്‍ വലിയ വിട്ടുവീഴ്ച്ച നടത്തി ചെറുപാര്‍ട്ടികള്‍ക്ക് വിധേയരായാല്‍ കോണ്‍ഗ്രസിന്റെ നിലനില്പ് തന്നെ അപകടത്തിലാകും.