കോഴിക്കോട്: നിപ്പാ വൈറസ് പടരുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം തകൃതിയായി നടക്കുന്നതും ജനങ്ങളുടെ അനാവശ്യ ഭീതിയും മറ്റു രോഗികളെ ആശുപത്രികളിൽ നിന്ന് അകറ്റുന്നു.
ആശുപത്രിയിലെത്തിയാൽ നിപ്പാ ബാധിക്കുമെന്ന തെറ്റിദ്ധാരണയിലാണ് രോഗികൾ ആശുപത്രിക്കുനേരെ മുഖം തിരിക്കുന്നത്. സാധാരണ പനിക്കും മറ്റു ആരോഗ്യപ്രശ്നങ്ങൾക്കും ഇപ്പോൾ രോഗികൾ ചികിത്സ തേടിയെത്തുന്നില്ല.
നിപ്പാ വൈറസ് ബാധ ജില്ലയിൽ സ്ഥിരീകരിച്ചതോടെ തന്നെ ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറുവുണ്ടായി. കഴിഞ്ഞ ദിവസം ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഗ്രാമപ്രദേശത്തെയും നഗരത്തിലെയും ആശുപത്രികളിലെ തിരക്ക് വലിയ തോതിൽ കുറഞ്ഞു.
ഏതുതരം ആരോഗ്യ പ്രശ്നത്തിനും രോഗികൾ വീട്ടിലിരുന്ന് ചികിത്സിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഡോക്ടർമാർ പറയുന്നു.
പൊതുസ്ഥലങ്ങളിലെ തിരക്ക് പരമാവധി കുറയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ അറിയിപ്പ് നൽകിയിരുന്നെങ്കിലും ചികിത്സയ്ക്കായി ആശുപത്രിയിലെത്തരുതെന്ന് നിർദേശിച്ചിട്ടില്ല. എന്നാൽ ആശുപത്രിയിൽ നിന്നാണ് രോഗം പകരുന്നതെന്ന വ്യാജ പ്രചാരണമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.
അതേസമയം ആശുപത്രിയിൽ ചികിത്സ തേടിയെത്തിയാൽ നിപ്പാ ബാധിക്കുമെന്നത് മിഥ്യാ ധാരണയാണെന്ന് ഡിഎംഒ വി. ജയശ്രീ ദീപികയോട് പറഞ്ഞു. നിപ്പാ ബാധിതരുമായി നേരിട്ട് ഇടപഴകിയാൽ മാത്രമേ രോഗം പകരാനുള്ള സാധ്യതയുള്ളൂ.
ഇപ്പോൾ ജനങ്ങൾക്കിടയിലുള്ളത് അനാവശ്യഭീതിയാണെന്നും അവർ പറഞ്ഞു. ജനങ്ങൾക്ക് ആരോഗ്യ പ്രശ്നം തോന്നിയാൽ ഉടനടി തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടണമെന്നും അവർ അറിയിച്ചു.
നിപ്പാ വൈറസിനെ അനാവശ്യമായി ഭയക്കാതെ ജാഗ്രത പുലർത്തിയാൽ മതിയെന്നും ജയശ്രീ പറഞ്ഞു. അതിനിടെ മഴ തുടങ്ങിയതോടെ കുട്ടികളിലും മറ്റും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട്.
ഇവരെ പോലും ആശുപത്രിയിലെത്തിക്കാതെ വീട്ടിലിരുത്തി ചികിത്സിക്കുന്നതിൽ ആരോഗ്യ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
മഴ തുടങ്ങിയതോടെ സാംഗ്രമിക രോഗങ്ങൾ പടരാനുള്ള സാധ്യത ആരോഗ്യ വകുപ്പ് തള്ളിക്കളയുന്നുമില്ല. ഇത്തരം സാഹചര്യത്തിൽ രോഗികൾ ആശുപത്രിയിലെത്തി ചികിത്സ തേടിയില്ലെങ്കിൽ വലിയ വിപത്താകുമെന്നും ഡിഎംഒ പറഞ്ഞു.