വടക്കാഞ്ചേരി: ടൗണിന്റെ ഹ്യദയഭാഗത്തു പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ കെട്ടിട കോന്പൗണ്ട് ശുചീകരിക്കാൻ ആളില്ലാതെ കെട്ടിടവും, സമീപപ്രദേശവും പൊന്തകാട് കയറി നശിക്കുന്നു. കുന്പളങ്ങാട് റോഡിനോടു ചേർന്ന് ബാർ അസോസിയേഷൻ ഓഫീസിനു മുന്നിലാണ് ഈ ദുരവസ്ഥ.
ശ്രദ്ധിക്കാൻ ആളില്ലാത്തതുമൂലം പൊന്തക്കാട് വളർന്ന് സിവിൽ സ്റ്റേഷൻ കെട്ടിടത്തോളം ഉയർന്നു കഴിഞ്ഞു. എന്നാൽസിവിൽ സ്റ്റേഷനിലേക്കുള്ള വൈദ്യുതി എത്തിക്കുന്ന ട്രാൻസ്ഫോർമർ പൊന്ത കാട്കയറി കാണാതായിരിക്കുകയാണ്.
ട്രാൻസ്ഫോർമറിനു ചുറ്റും മദ്യകുപ്പികൾ നിറഞ്ഞു കിടപ്പുണ്ട്.
കോടതി ജംഗ്ഷനിൽ നിന്നും നോക്കിയാൽ കോടികൾ മുടക്കി നിർമിച്ച സിവിൽ സ്റ്റേഷൻ കെട്ടിടം കാണാൻ കഴിയാത്ത തരത്തിലാണ് പൊന്തകാടുകൾ വളർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് നിരവധി തവണ ഉഗ്രവിഷമുള്ള പാന്പുകളെ കണ്ടെത്തിയിരുന്നു. എന്നിട്ടൊന്നും ഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന അക്ഷേപം നാട്ടിൽ ശക്തമാണ്.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മിനി സിവിൽ സ്റ്റേഷൻ കോന്പൗണ്ടിലെ കിണറിലെ വെള്ളം മലിനമാണെന്നും, അത് ഉപയോഗിക്കരുതെന്നും അധികൃതർ അറിയിച്ചിരുന്നു. വിവിധ ആവശ്യങ്ങൾക്കായി ദിനംപ്രതി നൂറുകണക്കിനു ജനങ്ങളാണ് സിവിൽ സ്റ്റേഷനിലും, കോടതിയിലുമായി എത്തുന്നത്.
മിനി സിവിൽ സ്റ്റേഷൻ കോന്പൗണ്ടിലും, കോടതിയുടെ സമീപത്തും നിരവധി സർക്കാർ ഓഫീസുകൾപ്രവർത്തിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ കോടതിയുടെയും മിനി സിവിൽ സ്റ്റേഷൻ പരിസരവും ഉടൻ വൃത്തിയാക്കണമെന്ന ആവശ്യവും ജനങ്ങളിൽ ശക്തമാണ്.