മലപ്പുറം:വലതുപക്ഷത്തിനു വേരോട്ടമുള്ള മലപ്പുറത്തിന്റെ മണ്ണിൽ മാർക്സിസ്റ്റ് പാർട്ടിയെ തളരാതെ പിടിച്ചു നിർത്തുന്നതിൽ വലിയൊരു പങ്കു വഹിച്ചു പോരുന്ന എ.വിജയരാഘവൻ ഇനി കേരളത്തിലെ ഇടതുമുന്നണിയുടെ തേരാളിയാകുന്നു.
എൽഡിഎഫ് കണ്‍വീനർ സ്ഥാനം പാലൊളി മുഹമ്മദ്കുട്ടിക്ക് ശേഷം വീണ്ടുമൊരു മലപ്പുറത്തുകാരന്റെ ചുമലിൽ വരികയാണ്. രാഷ്ട്രീയ തന്ത്രങ്ങളിൽ പാടവമേറെയുള്ള വിജയരാഘവൻ ദേശീയ രാഷ്ട്രീയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ കൂടി മന:പ്പാഠമാക്കിയ ശേഷമാണ് ഇടതുമുന്നണിയുടെ കണ്‍വീനർ സ്ഥാനത്തെത്തുന്നത്. മലപ്പുറത്തിന്റെ മണ്ണിൽ എസ്എഫ്ഐയിലൂടെ തുടങ്ങിവച്ചതാണ് ബി.എ.ഇസ്്ലാമിക ചരിത്രത്തിലെ ഈ പഴയ ഒന്നാം റാങ്കുകാരന്റെ രാഷ്ട്രീയ ചരിത്രം.
പൊതുപ്രവർത്തന രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ സന്പത്തുമായാണ് വിജയരാഘവൻ എൽഡിഎഫ് കണ്‍വീനറാകുന്നത്. അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളിൽ കഐസ്വൈഎഫിലൂടെ പൊതുപ്രവർത്തന രംഗത്തേക്കു കടന്നു വരികയും പിന്നീട് എസ്എഫ്ഐയുടെ സംസ്ഥാന ദേശീയ നേതാവായി മാറുകയും ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, കലിക്കട്ട് യൂണിവേഴ്സിറ്റി സിൻഡിക്കറ്റംഗം, കേരള കലാമണ്ഡലം ഭരണസമിതിയംഗം, സിപിഎം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്നീ പദവികൾ വഹിച്ചു.
1989ൽ പാലക്കാട് മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തി. 1998, 2004 വർഷങ്ങളിൽ രാജ്യസഭാംഗവുമായി. സിപിഐ കേന്ദ്ര കമ്മിറ്റി അംഗവും കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറിയുമായി. വിവിധ കാലയളവുകളിൽ പാർലമെന്റിന്റെ ഉപനിയമ നിർമാണ സമതി അംഗം, അഷ്വറൻസ് കമ്മിറ്റി ചെയർമാൻ, ആഭ്യന്തരവകുപ്പ്, ധനവകുപ്പ്, പ്രതിരോധം, പെട്രോളിയം, പ്രകൃതിവാതകം, ഗ്രാമീണ വികസനം, ഐടി വിഭാഗങ്ങളുടെ സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗമായിരുന്നു.
എംപിയായിരിക്കെ പാക്കിസ്ഥാൻ പൗരത്വമുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിച്ച് വിജയരാഘവൻ ഏറെ ശ്രദ്ധ നേടിയിരുന്നു. റെയിൽവേ സേലം ഡിവിഷൻ വെട്ടിമുറിക്കുന്നതിനെതിരെ രാജ്യസഭയിൽ നിരന്തരം പോരാടി. കാർഷിക മേഖലയിലെ പ്രശ്നങ്ങളിൽ ഇടപ്പെട്ട് കുട്ടനാട് പാക്കേജുൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാൻ പ്രയത്്നിച്ചു. റഷ്യ, ചൈന എന്നിവിടങ്ങൾ സഞ്ചരിച്ച വിദ്യാർഥി യുവജന സംഘത്തിന്റെ നേതാവായിരുന്നു. മുപ്പതോളം വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
മലപ്പുറത്തിന്റെ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന് അനൂകൂലമായി ഒട്ടേറെ മുന്നേറ്റങ്ങൾ ഉണ്ടാക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച നേതാവാണ് എ.വിജയരാഘവൻ. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിൻറെയും കുത്തക മണ്ഡലങ്ങളിലെല്ലാം വിള്ളലുണ്ടാക്കാൻ പോന്ന രാഷ്ട്രീയതന്ത്രങ്ങളാണ് അദ്ദേഹം മെനഞ്ഞെടുത്തത്. മഞ്ഞളാംകുഴി അലി, കെ.ടി.ജലീൽ തുടങ്ങിയ നേതാക്കളെ ഇടതുപക്ഷത്തെത്തിക്കുന്നതിൽ തന്ത്രപരമായ പങ്ക് വഹിച്ച നേതാവാണ് അദ്ദേഹം. പിന്നീട് മഞ്ഞളാംകുഴി അലി ഇടതുപാളയം വിട്ടു മുസ്ലിംലീഗിലെത്തി.
മലപ്പുറം ആലന്പാടൻ പറങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടെ അഞ്ച് മക്കളിൽ മൂന്നാമനായി 1956 മാർച്ചിലാണ് വിജയരാഘവന്റെ ജനനം. പ്രീഡിഗ്രി പഠനശേഷം കുറച്ചു കാലം വക്കീൽ ഗുമസ്ഥനായി ജോലി ചെയ്തു. മലപ്പുറം ഗവണ്മെന്റ് കോളജിൽ ബി.എ ഇസ്ലാമിക ചരിത്രത്തിന് ചേർന്നു റാങ്കോടെ വിജയിച്ചു.
കോഴിക്കോട് ലോ കോളജിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കി. എൽഎൽഎം പഠനത്തിനിടെയാണ് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്നു മത്സസരിച്ചെങ്കിലും പരാജയപ്പെട്ടു.സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയംഗവും തൃശൂർ കോർപ്പറേഷൻ മുൻ മേയറും കേരളവർമ കോളജ് ഇംഗീഷ് വിഭാഗം അധ്യാപികയുമായ ആർ. ബിന്ദുവാണ് ഭാര്യ. നിയമവിദ്യാർഥി ഹരികൃഷ്ണൻ ഏകമകൻ.