കോഴിക്കോട്: നിപ്പാ വൈറസ് പടർന്ന് പിടിക്കുന്നത് രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ജില്ലയിലെ പൊതു ഇടങ്ങളിലെ തിരക്ക് കുറഞ്ഞു. കഴിഞ്ഞ ദിവസം ബാലുശേരിക്കടുത്ത് നിപ്പാ ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ബാലുശേരി അങ്ങാടിയിലും തിരക്ക് കുറവാണ്. ഇവിടെ ഒരു തിയറ്റർ താത്കാലികമായി അടച്ചുപൂട്ടി.
ബാലുശേരിയിൽ നിന്ന് നഗരപ്രദേശങ്ങളിലേക്ക് ജോലിക്കെത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. സ്വകാര്യ ബസുകളിൽ തിരക്ക് നന്നേ കുറവാണെന്ന് തൊഴിലാളികൾ പറഞ്ഞു. അതേസമയം ബാലുശേരിയിൽ സ്വകാര്യ ആശുപത്രിയിൽ പരിശോധന അവസാനിപ്പിച്ച് ഡോക്ടർമാർ സ്ഥലം വിട്ടു.
ഡോക്ടർമാരില്ലാത്തതിനാൽ ഒപി പ്രവർത്തിക്കുന്നില്ലെന്ന ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലും തിരക്ക് കുറവാണ് അനുഭവപ്പെടുന്നത്. പാളയം പച്ചക്കറി മാർക്കറ്റ്, മൊഫ്യൂസൽ സ്റ്റാൻഡ്, മിഠായി തെരുവ് എന്നിവിടങ്ങളിൽ സാധാരണ നിലയെ അപേക്ഷിച്ച് തിരക്ക് കുറവാണ്. ബസും ട്രെയിനും ഉപേക്ഷിച്ച് സ്വന്തം വാഹനത്തിലാണ് മിക്കവരും നഗരത്തിലെത്തുന്നത്.
ആശുപത്രികളിലും സിനിമ തിയറ്ററുകളും ആളൊഴിഞ്ഞ അവസ്ഥയിലാണ്. നഗരത്തിലെ ഏറ്റവും തിരക്കേറയി മരുന്ന് കടകളിൽ പോലും വിരലിലെണ്ണാവുന്നവരാണ് എത്തുന്നത്. ജില്ലയിലെ വ്യാപാര മേഖലയെ വലിയോ തോതിൽ തന്നെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു. ഓട്ടോ, ടാക്സി തൊഴിലാളികളെയും നിപ്പാ ഭീതി പ്രതികൂലമായണ് ബാധിച്ചത്.
സ്കൂളുകൾ തുറക്കുന്നത് 12ലേക്ക് മാറ്റി
കോഴിക്കോട്: നിപ്പാ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടന്നതിനെ തുടർന്ന് ജില്ലയിൽ 12 വരെ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. നിപ്പാ വൈറസ് ബാധയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു അവർ. ജില്ലയിൽ 12 വരെ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ സ്കൂളുകൾ തുറക്കുന്നതും 12ലേക്ക് മാറ്റി. ആരോഗ്യ വകുപ്പിന്റെ നിർദേശം പാലിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. നിപ്പാ വൈറസ് കൂടുതൽ പേരിലേക്ക് പടരുന്നത് തടയാൻ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചികിത്സയിൽ കഴിയുന്ന രണ്ടുപേർ സുഖം പ്രാപിക്കുന്നുണ്ട്.