കൊല്ലം: റെയിൽവേ സ്റ്റേഷൻ രണ്ടാം പ്രവേശനകവാടം നിർമ്മാണം പൂർത്തീകരിച്ച് ഒക്ടോബറിൽ കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജരും ഉയർന്ന ഉദ്യോഗസ്ഥരുമായി നിർമാണ പ്രവർത്തനങ്ങൾ നേരിൽ സന്ദർശിക്കുകയും അവലോകനയോഗം ചേരുകയും ചെയ്തതിനു ശേഷമാണ് വിവരമറിയിച്ചത്.
ബുക്കിംഗ് ഓഫീസ്, സർക്കുലേറ്റിംഗ് ഏരിയ, ആറ് പ്ലാറ്റ്ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന എഫ്ഒബി, പാർക്കിംഗ് ഏരിയ, രണ്ട് ലിഫ്റ്റുകൾ, രണ്ട് എസ്കലേറ്റർ തുടങ്ങി പതിനൊന്ന് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ ഒക്ടോബറോടുകൂടി പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.
രണ്ടാം പ്രവേശനകവാടത്തിന്റെ ഭാഗമായ ബുക്കിംഗ് ഓഫീസ്, സർക്കുലേറ്റിംഗ് ഏരിയ എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഫുട്ഓവർ ബ്രിഡ്ജിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളെ പരസ്പരം ബന്ധിപ്പിക്കുന്ന നിർമ്മാണമാണ് അവശേഷിക്കുന്നത്. കരാറിൽ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ പ്രവർത്തി ചെയ്യേണ്ടിവന്നതിനാലും കാലാവസ്ഥ പ്രതികൂലമായതുകൊണ്ടുമാണ് കാലതാമസമുണ്ടാകുന്നതെന്ന് ഡിആർഎം വിശദീകരിച്ചു.
എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പ്രവേശനകവാടത്തിന്റെയും അനുബന്ധ മതിലിന്റെയും പ്രവർത്തിയും രണ്ടാം പ്രവേശനകവാടത്തോടൊപ്പം പൂർത്തീകരിക്കും. റെയിൽവേ സ്റ്റേഷനിൽ 32 മീറ്റർ നീളത്തിൽ പ്ലാറ്റ്ഫോം മേൽക്കൂരയുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
52 ലക്ഷം രൂപ മുടക്കി പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടങ്ങൾ പുതുക്കിപ്പണിതിട്ടുണ്ട്. 27 ലക്ഷം രൂപയുടെ ശീതീകരിച്ച കാത്തിരുപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചു.
അടിയന്തിര മെഡിക്കൽ സഹായകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കും. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഗുഡ് ഷെഡിലേക്കുള്ള റോഡ് നിർമാണം, കൂടുതൽ കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കൽ, പുതിയ പാഴ്സൽ ഓഫീസ് നിർമാണം എന്നിവ പൂർത്തീകരിച്ചിട്ടുണ്ട്.
കൊല്ലത്തിനും മയ്യനാടിനുമിടയ്ക്കുള്ള നാല് റെയിൽവേ ക്രോസുകൾ മാറ്റി മേൽപാലം നിർമ്മിക്കുന്ന പ്രവർത്തിയുടെ ഭരണപരമായ നടപടികൾ വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാന സർക്കാരിന്റെ ശുപാർശ ലഭിക്കുന്ന മുറയ്ക്ക് മയ്യനാട് റെയിൽവേ മേൽപാലത്തിന്റെ അനുമതിക്കായി നടപടി സ്വീകരിക്കും.
പെരിനാട് അടിപ്പാതയുടെ കരാർ നൽകിയെങ്കിലും സുരക്ഷാ കാരണങ്ങളാൽ റെയിൽവേ ട്രാക്കുകൾ മാറ്റി സ്ഥാപിക്കുന്നതുകൊണ്ടും വൈകി ഓടുന്ന ട്രെയിനുകൾ വീണ്ടും വൈകിപ്പിക്കുവാനുള്ള സാങ്കേതിക തടസവും കാരണം നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സുരക്ഷാ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് നിർമാണം ആരംഭിക്കും.
ഇരവിപുരം റെയിൽവേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡിന്റെ പുതുക്കിപ്പണിയലിനും ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നതിനും ഫുട്ഓവർ ബ്രിഡ്ജ് നിർമിക്കുന്നതിനുമായി 225 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
മയ്യനാട് റെയിൽവേ സ്റ്റേഷനിൽ 435 ലക്ഷം രൂപയുടെ നിർമാണം പൂർത്തീകരിച്ചു. രണ്ടാം പ്ലാറ്റ്ഫോം നീട്ടുന്നതിനും പ്ലാറ്റ്ഫോമുകളുടെ ഉയരവും നീളവും വർധിപ്പിക്കുന്നതിനും ഫുട്ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനും സ്റ്റേഷനും അപ്രോച്ച് റോഡും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി 310 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
പരവൂർ റെയിൽവേ സ്റ്റേഷനിൽ 126 ലക്ഷം രൂപയുടെ നിർമ്മാണം പൂർത്തീകരിച്ചു. പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നതിനും ട്രോളിപാത്ത് നിർമിക്കുന്നതിനും സ്റ്റേഷനും സർക്കുലേറ്റിംഗ് ഏരിയയും നവീകരിക്കുന്നതിനായി 124 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. പുതിയതായി സമർപ്പിച്ചിട്ടുള്ള പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കാൻ കഴിയുമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി യുടെ ആവശ്യപ്രകാരം വിളിച്ചു ചേർത്ത യോഗത്തിൽ ഡിവിഷണൽ റെയിൽവേ മാനേജർ എസ്.കെ. സിൻഹ, സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ അജയ് കൗശിഖ്, സീനിയർ ഡിവിഷണൽ എഞ്ചിനിയർ രംഗരാജൻ, ദക്ഷിണ മേഖലാ ഡിവിഷണൽ എഞ്ചിനിയർ കാർത്തിക്, അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനിയർ ശ്രീധർ, സ്റ്റേഷൻ മാസ്റ്റർ അജയകുമാർ തുടങ്ങിയവരും പങ്കെടുത്തു.