കൂത്തുപറമ്പ്: എന്തെങ്കിലും ഒരു അത്യാഹിതമോ അപകടമോ ഉണ്ടായാൽ നമ്മൾ ആദ്യം വിളിക്കുക ഫയർ ഫോഴ്സിനെയാവും. കോൾ അറ്റൻറ് ചെയ്തു കഴിഞ്ഞാൽ പിന്നെയുള്ള ഓരോ നിമിഷവും ഇവർക്ക് നിർണായകമാണ്. കാരണം, കേവലമൊരു നിമിഷത്തെ താമസം മതിയാകും ചെറിയൊരു സംഭവം വലിയൊരു ദുരന്തത്തിന് വഴിമാറാൻ.
എന്നാൽ ഇതിനിടെ വലിയൊരു കടമ്പ കടന്നാണ് കൂത്തുപറമ്പിലെ ഫയർഫോഴ്സിന് സംഭവസ്ഥലത്ത് എത്താനാവുക. വാഹനം ഗാരേജിൽ നിന്നും എടുത്ത് റോഡിലേക്ക് ഇറക്കണമെങ്കിലുള്ള പാട് ചെറുതൊന്നുമല്ല. കൂത്തുപറമ്പ്- വലിയ വെളിച്ചം റോഡ് ടാറിംഗ് ചെയ്തതാണ് അടിയറപാറയിലെ ഫയർഫോഴ്സിന് വിനയായത്.
റോഡ് അല്പം ഉയർത്തി ടാറിംഗ് ചെയ്താലും റോഡരികിലെ ഗാരേജിൽ നിന്നും ഫയർഫോഴ്സ് വാഹനത്തിന് റോഡിലേക്ക് സുഗമമായി കടക്കാൻ പറ്റുന്ന രീതിയിൽ ടാറിംഗ് ചെയ്തു കൊടുക്കണമെന്ന കാര്യമാണ് ഇവിടെ നടക്കാതെ പോയത്.
അതു കൊണ്ട് തന്നെ ഏറെ സാഹസപ്പെട്ടാണ് വെള്ളം നിറച്ച ഭാരവാഹനത്തിന് റോഡിലേക്ക് ഇറക്കാനാവുന്നത്. ഈ കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥനോടും കരാറുകാരനോടും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ടവർ മുഖവിലക്കെടുത്തില്ല.
വെള്ളം നിറച്ച വാഹനമാണെങ്കിൽ ഉപകരണങ്ങളും ജീവനക്കാരുമൊക്കെയാവുമ്പോൾ വാഹനത്തിന്റെ ഭാര കപ്പാസിറ്റി അയ്യായിരം കിലോയോളം വരും.സാധാരണ ഒരു വാഹനത്തെ പോലെ ഈ വാഹനത്തിന് ഓടാനാവില്ല. ഒരു നിമിഷം പോലും വൈകാതെ എത്തിപ്പെടേണ്ട സാഹചര്യമാണ് ഫയർസ്റ്റേഷനിലേക്ക് വരുന്ന ഓരോ കോളുകളും. സുഗമമായി ഇവർക്ക് യാത്രയൊരുക്കാൻ അധികൃതർ ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.