മോഹൻലാലിനെ പോലെയുള്ള ഇതിഹാസങ്ങൾക്കൊപ്പം അഭിനയിക്കുവാനായത് അനുഗ്രഹമാണെന്ന് പാർവതി നായർ. മോഹൻലാലിനൊപ്പം പാർവതി അഭിനയിക്കുന്ന അജോയ് വർമ ചിത്രം നീരാളി തിയറ്ററിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് താരം തന്റെ അനുഭവം വ്യക്തമാക്കി രംഗത്തെത്തിയത്.
ട്വിറ്ററിലൂടെയാണ് പാർവതി ഈ തുറന്നു പറച്ചിൽ നടത്തിയത്. എന്നും ഉൗർജ്ജസ്വലനായിരിക്കുന്ന മോഹൻലാലിനെ പോലെയുള്ള ഒരു ഇതിഹാസത്തിനൊപ്പം വർക്കു ചെയ്യാനായത് തന്റെ അനുഗ്രഹമാണെന്നാണ് പാർവ്വതി ട്വീറ്റ് ചെയ്ത. നീരാളിയിലെ വർക്കിംഗ് സ്റ്റില്ലുകളും പോസ്റ്റിൽ നടി പങ്കുവെച്ചിട്ടുണ്ട്.
നീരാളിയിൽ സണ്ണി ജോർജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. നദിയ മൊയ്തുവും പാർവതി നായരും ചിത്രത്തിലെ നായികമാരാണ്. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലർ ചിത്രമാണ്.
മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലൻഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ഈ ചിത്രം നിർമിക്കുന്നത്. ജൂണ്‍ പതിനഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും. സായികുമാർ, സുരാജ്, ദിലീഷ് പോത്തൻ തുടങ്ങിയവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.