ഇന്നത്തെ നിലയിൽ എത്തിപ്പെടാൻ താൻ വളരെയധികം പ്രതിസന്ധികൾ തരണം ചെയ്തുവെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഒരു അഭിമുഖത്തിലാണ് തന്റെ ഭൂതകാല ചരിത്രത്തെപ്പറ്റി അദ്ദേഹം തുറന്നു പറഞ്ഞത്. പലതും സഹിച്ചു, പെട്ടെന്ന് സങ്കടം വരുന്ന കൂട്ടത്തിലാണ് ഞാൻ.
പരിപാടി അവതരിപ്പിക്കാൻ പോയിട്ട് അപമാനിതനായി പോരേണ്ടി വന്നിട്ടുണ്ട്. ഞാൻ പെട്ടെന്ന് കരയുന്നയാളാണ്. സിനിമയിലെ ദു:ഖകരമായ സീൻ കണ്ടാൽ വിഷമം വരും. അത് മറ്റൊരാളോട് പറയുന്പോഴും അതേ വിഷമം ഉണ്ടാകും.
പത്ത് വർഷത്തിന് മുൻപ് ആലപ്പുഴയിൽ പരിപാടി അവതരിപ്പിക്കാൻ വിളിച്ചിരുന്നു. ഒരു ഹൗസ്ബോട്ടിലായിരുന്നു പരിപാടി. ഡോക്ടർമാരും കുടുംബവും ചേർന്ന ഗെറ്റുഗദർ പരിപാടിയായിരുന്നു. ഇടയ്ക്കായിരുന്നു എന്റെ പരിപാടി.
പക്ഷേ ബോട്ട് രാവിലെ ഒൻപത് മണിക്ക് എടുക്കുന്നതുകൊണ്ട് അപ്പോൾ തന്നെ കയറേണ്ടി വന്നു. ഞാൻ ബോട്ട് ഓടിക്കുന്ന ആളിന്റെ കൂടെ പോയിരുന്നു. ഉച്ചകഴിഞ്ഞ് ഭക്ഷണം കഴിച്ചിട്ടും എന്നെ പരിപാടി അവതരിപ്പിക്കാൻ വിളിക്കുന്നില്ല.
ഞാൻ വേറൊരാളോട് പറഞ്ഞു ഒരു പുള്ളിക്കാരൻ പറഞ്ഞിട്ടാണ് ഞാൻ വന്നത് എന്ന്. എന്നെ വിളിച്ചയാൾ അടിച്ച് ഫിറ്റായി ഒരു ചെയറിൽ ചുരുണ്ടുകൂടി കിടക്കുകയാണ്. ദേഹത്തൊക്കെ മീൻകറി വീണ് നല്ല ഉറക്കം. ഞാൻ പരിപാടിക്ക് വന്നതാണെന്ന് പറഞ്ഞപ്പോൾ ഒരാൾ എന്റെ കൈപിടിച്ച് എല്ലാവരുടെയും മുന്നിൽ നിർത്തി. ഇയാൾ പരിപാടി അവതരിപ്പിക്കാൻ പോകുകയാണ്. എല്ലാവരും ഇരിക്കൂ എന്ന് പറഞ്ഞു.
മൈക്കിന് പകരം വാട്ടർബോട്ടിലാണ് തന്നത്. പിന്നീട് ബോട്ടിൽ പാട്ടുവയ്ക്കുന്പോൾ ഉപയോഗിക്കുന്ന ചെറിയ മൈക്ക് തന്നു. വലിയ സൗണ്ട് ഒന്നും അതിനുണ്ടായിരുന്നില്ല. ഞാൻ പരിപാടി അവതരിപ്പിച്ചു. ആദ്യത്തെ ഐറ്റം കഴിഞ്ഞപ്പോൾ തന്നെ ഒരു സ്ത്രീ പറഞ്ഞു ഓ.
വളരെ ബോറാണ്, നമുക്ക് എന്തെങ്കിലും വർത്തമാനം പറഞ്ഞിരിക്കാം. ഈ പരിപാടിക്ക് വേണ്ടി നമ്മുടെ സമയം വെറുതെ കളയണ്ട എന്ന്. എനിക്ക് സങ്കടമായി. ഞാൻ ബോട്ട് ഓടിക്കുന്നയാളുടെ അടുത്ത് പോയിരുന്നു.
ബോട്ടായത് കൊണ്ട് ഓടിരക്ഷപ്പെടാനും വയ്യ. കരച്ചിൽ വന്നു. ബോട്ടുകാരനാണ് ചോറുണ്ടോ എന്ന് ചോദിച്ചത്. അയാളുടെ പക്കൽ ചോറുണ്ടായിരുന്നു. കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു. കാശും ചോദിക്കാൻ പറ്റിയില്ല. പരിപാടി മുഴുവനാക്കിയില്ലല്ലോ.
അവസാനം ആലപ്പുഴ കൈനകരി ഭാഗത്തുള്ള ഷാപ്പിൽ ഇവർക്ക് വേണ്ടി ബോട്ട് നിർത്തിയപ്പോൾ ഞാൻ തോട്ടിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു.- രമേഷ് പറഞ്ഞു.