കോട്ടയം: പ്രണയവിവാഹത്തെ തുടർന്നു വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയ കെവിൻ മുങ്ങിമരിച്ചതാണെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കെവിൻ മുങ്ങിമരിച്ചതാകാമെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചാണ് അന്തിമറിപ്പോർട്ട് നൽകിയിരിക്കുന്നത്. അതേസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭ്യമായിട്ടില്ല.
അഞ്ചു പേർകൂടി പോലീസിന്റെ പിടിയിലായതോടെ ആദ്യഘട്ടത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാനായി. കെവിനൊപ്പം ഇറങ്ങിപ്പോന്ന നീനുവിന്റെ മാതാവ് രഹ്ന ഇപ്പോഴും ഒളിവിലാണ്. രഹ്നയെയും പ്രതി ചേർക്കാൻ ആലോചന നടക്കുന്നുണ്ട്.
രഹ്നയാണു കെവിനെ കൊന്നു കളയാൻ മകൻ ഷാനുവിനോട് പറഞ്ഞതെന്നാണ് അനീഷിന്റെ മൊഴി. മാത്രമല്ല സംഭവത്തിനു തലേന്ന് മാന്നാനത്ത് എത്തി അനീഷിന്റെ വീടും മറ്റം കണ്ടെത്തി എല്ലാവിധ തയാറെടുപ്പുകളും നടത്താൻ രഹ്നയാണു മുന്നിട്ടു നിന്നിരുന്നത്. അതിനാൽ അവരും കേസിലെ പ്രതിയാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നല്കുന്ന സൂചന.
കേസിലെ പ്രതികളെ എല്ലാവരെയും ഞായറാഴ്ച തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നാണ് സൂചന. പുലർച്ചെ, അതായത് സംഭവം നടന്ന ദിവസത്തെ അതേസമയത്ത് തെളിവെടുപ്പിനു കൊണ്ടുപോകാനാണു തീരുമാനം. പുലർച്ചെ രണ്ടോടെ മാന്നാനത്തുനിന്നു കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ വഴിയെ പ്രതികളുമായി സഞ്ചരിച്ച് എന്തൊക്കെയാണു സംഭവിച്ചതെന്ന് വ്യക്തത വരുത്താനാണു നീക്കം.