കട്ടപ്പന: വിദേശത്ത് ജോലിചെയ്യുന്ന വണ്ടൻമേട് സ്വദേശിനിയെ ഫെയ്സ് ബുക്കിലൂടെ ശല്യംചെയ്ത കേസിൽ ജാർഖണ്ഡ് സ്വദേശിയെ വണ്ടൻമേട് പോലീസ് അറസ്റ്റുചെയ്തു. ജാർഖണ്ഡ് സ്വദേശി മുഹമ്മദ് മുംതാസ് അസകർ അൻസാരിയാണ് പിടിയിലായത്. ഡൽഹിയിൽനിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
2013-ൽ വണ്ടൻമേട് സ്വദേശിനി ഡൽഹിയിൽ ജോലിചെയ്യുന്പോഴാണ് ജാർഖണ്ഡ് സ്വദേശിയായ മുഹമ്മദ് മുംദാസ് അസകർ അൻസാരിയെ പരിചയപ്പെടുന്നത്. പരിചയം സുഹൃദ്ബന്ധത്തിലേക്കു വളർന്നു. ഇരുവരും ഒരുമിച്ച് ഫോട്ടോ എടുക്കുകയും വീഡിയോചാറ്റിഗും നടത്തിയിരുന്നു.
ഇരുവരുംചേർന്നുള്ള ഫോട്ടോ ഫെയ്സ്ബുക്കിലിടുകയും ഇവർ വിവാഹിതരായി എന്ന് അടിക്കുറിപ്പുമിട്ടു. ഇതിനിടെ യുവതി വിദേശത്ത് ജോലിക്ക് പോവുകയുംചെയ്തു. ഐഎംഒ കോൾ വിളിക്കണമെന്ന് പെണ്‍കുട്ടിയെ നിർബന്ധിക്കുകയും ഇതെല്ലാം സാമൂഹ്യമാധ്യമങ്ങളിലിടുകയും ചെയ്തു. ഇതേത്തുടർന്ന് യുവതിയുടെ മാതാപിതാക്കൾ വണ്ടൻമേട് പോലീസിൽ പരാതി നൽകുകയായിരുന്നു.
വണ്ടൻമേട് എഎസ്ഐ വിനോദ്കുമാർ, ടോണി ജോണ്‍ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിലെത്തി അവിടുത്തെ പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒന്നിനു കിട്ടിയ പരാതിയിൽ ഒരുമാസംകൊണ്ട് പ്രതിയെ പിടിക്കാനായത് പോലീസിന് അഭിമാനമായിരിക്കുകയാണ്. എസ്. ഷനിൽ, ഐ.ബി. ഏബ്രഹാം തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.