നെടുങ്കണ്ടം: മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്ന രക്ഷിതാക്കൾ സൂക്ഷിക്കണം. നിങ്ങളെ പിടികൂടാൻ ഒആർസി പ്രവർത്തകർ രംഗത്തുണ്ട്. ഈ അധ്യായനവർഷംമുതൽ മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കി കുട്ടികളുടെ പഠനത്തിന് തടസമുണ്ടാക്കുന്ന രക്ഷിതാക്കൾ ലഹരിവിമുക്ത കേന്ദ്രത്തിൽവരെ എത്തിപ്പെട്ടേക്കാം.
ഒൗർ റെസ്പോണ്സിബിലിറ്റി ടു ചൈൽഡ്(ഒആർസി) എന്ന സംസ്ഥാന സർക്കാരിന്റെ പ്രൊജക്ടിൽ ഈ വർഷം നടപ്പാക്കുന്ന പ്രധാന പരിപാടികളിലൊന്നാണ് പ്രശ്നക്കാരായ രക്ഷകർത്താക്കളെ നേരെയാക്കുന്ന പരിപാടി.
കുട്ടികളിൽനിന്നും രക്ഷിതാക്കളുടെ മദ്യപാനത്തെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കവുമായി ഒആർസി പ്രവർത്തകർ എത്തുന്നത്. കുട്ടികൾ പരാതിപറഞ്ഞാൽ ആദ്യപടിയായി രക്ഷിതാക്കളെ വിളിച്ചുവരുത്തി ഉപദേശം നൽകും.
ഇതിൽ ഫലം കണ്ടില്ലങ്കിൽ രണ്ടാമതായി കൗണ്‍സലിംഗ് നടത്തും. കൗണ്സലിംഗിനുശേഷവും പ്രശ്നം തുടർന്നാൽ അവസാനപടിയായി ലഹരി വിമുക്ത കേന്ദ്രത്തിൽ രക്ഷിതാവിനെ എത്തിച്ച് ആവശ്യമായ ചികിൽസകൾ നൽകും.
ജില്ലയിൽ തെരഞ്ഞെടുത്ത 20 സ്കൂളുകളിലാണ് ഒആർസി പ്രവർത്തനം നടത്തുന്നത്. ആദ്യപടിയായി അധ്യാപകർ, സ്കൂൾ കൗണ്‍സിലേഴ്സ്, സ്കൂൾ നഴ്സുമാർ, മോഡൽ ടീച്ചേഴ്സ് എന്നിവർക്ക് ട്രെയിനിംഗ് നൽകിയിട്ടുണ്ട്.