തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിപ്പാ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിയമസഭയിൽ പ്രതിഷേധവുമായി കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള. മാസ്കും ഗ്ലൗസും ധരിച്ചാണ് എംഎൽഎ സഭയിലെത്തിയത്. ഇത് സഭയിൽ ഭരണ-പ്രതിപക്ഷ ബഹളത്തിനിടയായി.
അബ്ദുള്ളയുടെ നടപടി അപഹാസ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സർക്കാരും സമൂഹവും ഗൗരവത്തോടെ കാണുന്ന വിഷയത്തെ എംഎൽഎ പരിഹാസത്തിന്റെ രീതിയിലാണ് കണ്ടതെന്നും ഇത് സർക്കാരിനെ അപഹസിക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും സഭയിൽ പറഞ്ഞു.
അതേസമയം ജനങ്ങളുടെ ആശങ്ക സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് അബ്ദുള്ള ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതോടെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായത്.