ആലപ്പുഴ: കാലവർഷം ശക്തി പ്രാപിച്ചതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ. രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയാണ് വെള്ളക്കെട്ടിനിടയാക്കിയത്. നഗരത്തിലെ കടലിനോടും കായലിനോടും ചേർന്ന് കിടക്കുന്ന വാർഡുകളിലാണ് കൂടുതലും വെള്ളക്കെട്ട് മൂലമുള്ള ദുരിതമേറെയും.
നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളായ വാടയ്ക്കൽ ,കുതിരപ്പന്തി, വലിയ മരം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയിടങ്ങളിലും പുന്നമട, ചുങ്കം, തോണ്ടൻകുളങ്ങര തുടങ്ങിയ പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് രൂക്ഷം.മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസമാണ് പലയിടങ്ങളിലും വെള്ളക്കെട്ടിന് കാരണം.
വാടപ്പൊഴിയുടെ തീരത്തുള്ള വീടുകളിൽ ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. പല നാട്ടു തോടുകൾക്കും കുറുകെ അശാസ്ത്രീയമായി നിർമ്മിച്ച കലുങ്കുകളും തോടുകളുടെ ആഴത്തിലുണ്ടായ കുറവും ,നിറഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലുണ്ടായ അലംഭാവവുമാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം. ജലം കെട്ടി നിൽക്കുന്നത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനിടയാക്കുമെന്ന ആശങ്കയുയർന്നിട്ടുണ്ട്.
കടക്കരപ്പള്ളി മാർക്കറ്റിൽ വെള്ളക്കെട്ട് രൂക്ഷം
ചേർത്തല: കാലവർഷം കടുത്തതോടെ കടക്കരപ്പള്ളി മാർക്കറ്റിൽ വെള്ളക്കെട്ട് രൂക്ഷമായി. പെയ്ത്തുവെള്ളം ഒഴുകിപോകാനാവാതെ തടസപ്പെട്ട് മാർക്കറ്റ് വെള്ളത്തിൽ മുങ്ങികിടക്കുകയാണ്. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മാർക്കറ്റിൽ ദിവസേന നൂറുകണക്കിനു ജനങ്ങളാണ് വരുന്നത്.
വെള്ളക്കെട്ട് നീന്തിവേണം ഇപ്പോൾ ജനങ്ങൾക്ക് മാർക്കറ്റിലെത്താൻ. വെള്ളക്കെട്ട് രൂക്ഷയമായതോടെ വ്യാപാരികളും ജനങ്ങളും ബുദ്ധിമുട്ടിലായി. ഇവിടെ ഇരുപത്തിയഞ്ചിലധികം മത്സ്യ വില്പനക്കാരും, നാല് ഇറച്ചിക്കടകളും, മറ്റ് വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. മീൻ വില്പനക്കാരുടെ മാലിന്യം ഉൾപ്പടെ ഇവിടെ കെട്ടിക്കിടക്കുകയാണ്.
മുൻ കാലങ്ങളിൽ മാർക്കറ്റിൽ നിന്ന് വെള്ളം ഒഴുകിപ്പോകുവാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഷോപ്പിംഗ് കോംപ്ലക്സ് നിർമിച്ചപ്പോൾ ടയലുകൾ വിരിച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
മാർക്കറ്റിൽ മലിനജലവും, മറ്റും ഒഴുകിപ്പോകുവാനുള്ള കാണകളോ ഒന്നും ഇല്ല.സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. പെയ്ത്തുവെള്ളം ഒഴുക്കികളയാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.