മുളകുന്നത്തുകാവ് (തൃശൂർ): നിപ്പ രോഗ ലക്ഷണവുമായി കായംകുളം സ്വദേശിയായ യുവാവിനെ ത്യശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രക്ത സാന്പിൾ മണിപ്പൂരിലെ ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.
കോഴിക്കോടുള്ള കന്പനിയിലെ ജീവനക്കാരനായ ഇയാൾക്കു പനിയുടെ ലക്ഷണം കണ്ടതിനെതുടർന്ന് അവിടെ ആരോടും മിണ്ടാതെ സ്വന്തം കാറിൽ കായംകുളത്തുള്ള വീട്ടിലേക്കു പോകുന്നതിനിടയിൽ രോഗം മൂർഛിച്ച് അവശനിലയിലായി.
തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രഥമ പരിശോധനയിൽ തന്നെ ഇയാൾക്കു നിപ്പ ലക്ഷണം കണ്ടെത്തിയതിനെതുടർന്ന് ഐസൊലേഷൻ വാർഡിലെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. വീട്ടുകാർ ആശുപത്രിയിലേക്കു പുറപ്പെട്ടിട്ടുണ്ട്.
അതേസമയം, ത്യശൂർ സ്വദേശിയായ യുവതിക്കു പന്നിപ്പനിയുടെ ലക്ഷണം കണ്ടതിനെതുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച് വണ്‍ എൻ വണ്‍ സ്ഥിരീകരണത്തിനുവേണ്ടി യുവതിയുടെ രക്തസാന്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു.
മറ്റൊരു വ്യക്തിക്കു ഡിഫ്റ്റീരിയ ബാധിച്ചും ഇവിടെ എത്തിച്ചിട്ടുണ്ട്. ഇയാളുടെ രോഗം ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥിരീകരിച്ചിട്ടുണ്ട്.