ഒരു കുട്ടിയുടെ അമ്മയായി എന്നുവച്ച് സിനിമയിൽ അഭിനയിക്കുന്പോൾ ഗ്ലാമർപ്രദർശനം പാടില്ലെന്നുണ്ടോ? പാടില്ലെന്നാണ് ഒരു കൂട്ടം ബോളിവുഡ് പ്രേക്ഷകർ ബോളിവുഡ് സുന്ദരി കരീന കപൂറിനോട് പറഞ്ഞിരിക്കുന്നത്.
ശശാങ്ക ഘോഷ് സംവിധാനം ചെയ്ത വീരേ ദി വെഡിംഗ് എന്ന ചിത്രമാണ് കരീനയുടേതായി പ്രദർശനത്തിനെത്തിയ ഏറ്റവും പുതിയ ചിത്രം. വീരേ ദി വെഡിംഗിൽ ഗ്ലാമർ വേഷത്തിൽ കരീനയെത്തുന്നുണ്ട്. കരീനയും സോനവും ഗ്ലാമർ വേഷത്തിലെത്തിയ ചിത്രത്തിലെ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ കരീന ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിനെ വിമർശിച്ച് ചിലർ രംഗത്തെത്തി. ഒരു കുഞ്ഞിന്റെ അമ്മയ്ക്കു ചേർന്ന വസ്ത്രധാരണമല്ല കരീനയുടേതെന്ന വിമർശനവുമായാണ് ചിലർ രംഗത്തെത്തിയിരുന്നത്. അമ്മമാർക്ക് ഇണങ്ങുന്ന വസ്ത്രങ്ങളാണ് കരീന ധരിക്കേണ്ടതെന്നും വിമർശകർ അഭിപ്രായപ്പെട്ടു.
എന്നാൽ ഇതിനെതിരെ പരസ്യമായി തുറന്നടിച്ചിരിക്കുകയാണ് കരീന. ഒരാൾക്ക് ഇണങ്ങുന്ന വസ്ത്രം എന്താണോ അതാണ് അവർ ധരിക്കുക.അമ്മമാർക്ക് ചേരുന്ന വസ്ത്രം എന്താണെന്ന് എനിക്കറിയില്ല. എന്റെ അമ്മയും മോഡേണ് വസ്ത്രങ്ങൾ ധരിക്കാറുണ്ട്.
അവരെ ഇപ്പോഴും അത്തരം വസ്ത്രങ്ങളിൽ കാണാൻ നല്ല ഭംഗിയാണ്. സ്ത്രീകൾക്ക് ഇഷ്ടമുളള വസ്ത്രങ്ങൾ ധരിക്കാവുന്ന ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എനിക്ക് ഒരു കുട്ടിയുളളതിനാൽ അത്തരം വസ്ത്രങ്ങൾ ധരിക്കരുതെന്നല്ല അർത്ഥം. ആത്മവിശ്വാസമുണ്ടെങ്കിൽ ആർക്കായാലും ഏത് തരം വസ്ത്രം വേണമെങ്കിലും ധരിക്കാം- കരീന പറഞ്ഞു.
അതേസമയം വീരേ ദി വെഡിംഗിന്് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നു ലഭിക്കുന്നത്. കരീനയും സോനം കപൂറുമടക്കമുളളവർ ചിത്രത്തിൽ മികച്ച പ്രകടനം നടത്തിയെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.