ഭോപ്പാൽ: മധ്യപ്രദേശിൽ ജനസംഖ്യയേക്കാൾ കൂടുതൽ ആളുകൾ വോട്ടർ പട്ടികയിൽ. വോട്ടർ പട്ടികയിൽ ബിജെപി ക്രമക്കേട് നടത്തിയതായുള്ള ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തുന്ന പശ്ചാത്തലത്തിലാണ് വിവരങ്ങൾ പുറത്തുവരുന്നത്.
കഴിഞ്ഞ ഏതാനും വർഷത്തിനിടെ മധ്യപ്രദേശിലെ ജനസംഖ്യ വർധിച്ചത് 24 ശതമാനമാണ്. എന്നാൽ വോട്ടർമാരുടെ എണ്ണം വർധിച്ചതാവട്ടെ 40 ശതമാനവും. ഒരു വോട്ടറുടെ പേര് 26 ബൂത്തുകളിലെ ലിസ്റ്റിൽ കണ്ടെത്തി. സംസ്ഥാനത്ത് 60 ലക്ഷത്തോളം വ്യാജ വോട്ടർമാരാണെന്നുള്ള കോണ്‍ഗ്രസിന്റെ പരാതിയിലാണ് അന്വേഷണം.
സംസ്ഥാനത്ത് നടത്തിയ സർവെയിലാണ് ക്രമക്കേട് കണ്ടെത്തിയതെന്ന് കോണ്‍ഗ്രസ് പറയുന്നു. മധ്യപ്രദേശ് പിസിസി അധ്യക്ഷൻ കമൽനാഥ്, മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ഇത് കരുതിക്കൂട്ടി ചെയ്തതാണ്. ഉത്തർപ്രദേശിനോട് തൊട്ടടുത്ത പ്രദേശങ്ങളിലെ ആളുകൾക്ക് രണ്ട് വോട്ടർ ഐഡി കാർഡാണ് ഉള്ളത്. ഒന്ന് യുപിയിലും മറ്റൊന്ന് മധ്യപ്രദേശിലും. ബിജെപി ഇതിനെതിരെ പരാതികളൊന്നും ഉന്നയിച്ചിട്ടില്ല. കാരണം അവരാണ് ഇത് ഉണ്ടാക്കിയത്. അതുകൊണ്ടാണ് പരാതിയില്ലാത്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.