കണ്ണൂർ: തളിപ്പറന്പ് എംഎൽഎ ജയിംസ് മാത്യുവിന്റെ കാർ പാർക്ക് ചെയ്യാൻ അനുവദിക്കാതിരിക്കുകയും ഭാര്യയും സിപിഎം നേതാവുമായ സുകന്യയെ അസഭ്യം പറയുകയും ചെയ്തതായി പരാതി. ഇന്നലെ രാത്രി 7.30നാണ് സംഭവം.
തിരുവനന്തപുരത്തെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തളിപ്പറന്പിൽനിന്നും കാർ മാർഗം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു എംഎൽഎയും ഭാര്യയും രണ്ടുകുട്ടികളും.
റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തുള്ള പാർക്കിംഗ് സ്ഥലത്തേക്ക് കാർ മാറ്റിയിടാൻ ശ്രമിക്കവെ പാർക്കിംഗിലെ വാഹനങ്ങൾ നിയന്ത്രിക്കുന്ന സലിം ക്ഷുഭിതനാകുകയും ഇവിടെ പാർക്കിംഗിന് സ്ഥലമില്ലെന്നും കാർ എടുത്തു മാറ്റണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ എംഎൽഎ തിരുവനന്തപുരത്തു പോകാനായി ട്രെയിനിൽ കയറാൻ വന്നതാണെന്നും കുറച്ചു സമയത്തിനുള്ളിൽ കാർ മാറ്റുമെന്ന് സുകന്യ അറിയിച്ചെങ്കിലും സലീം ബഹളംവയ്ക്കുകയും ചീത്ത പറയുകയാണ് ഉണ്ടായതെന്ന് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സുകന്യയുടെ പരാതി പ്രകാരം ടൗൺ പോലീസ് കേസെടുത്തു.