ന്യൂഡൽഹി: പി.ജെ. കുര്യനു വീണ്ടും രാജ്യസഭാ സീറ്റ് നൽകുന്നനെതിരെ യുവനേതാക്കൾ രംഗത്തെത്തിയതു സ്ഥാനം മോഹിച്ചെന്നു കോണ്‍ഗ്രസ് നേതാവ് വയലാർ രവി. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല കുര്യനെന്നും ഗ്രൂപ്പിസമല്ല കോണ്‍ഗ്രസിലെ പ്രശ്നങ്ങൾക്കു കാരണമെന്നും രവി പറഞ്ഞു.
വൃദ്ധരാകുമെന്ന് ചെറുപ്പക്കാർ ഓർക്കണം. പി.ജെ.കുര്യനെക്കുറിച്ച് അറിയാത്തവരാണ് അദ്ദേഹത്തിനെതിരെ രംഗത്തു വരുന്നത്. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല കുര്യൻ. ചെറുപ്പക്കാർ ഇങ്ങനെ അല്ല ഇതിനെ കാണേണ്ടത്. ഞങ്ങൾ ആരും അധികാരം വേണമെന്നു വാശി പിടിക്കുന്നവരല്ല.
മുതിർന്ന നേതാക്കളാണു പാർട്ടിയുടെ കരുത്ത്. സിപിഎമ്മിനെപ്പോലെ കേഡർ പാർട്ടിയല്ല കോണ്‍ഗ്രസ്- വയലാർ രവി പറഞ്ഞു. ഇതിലും വലിയ ഗ്രൂപ്പുകൾ എഴുപതുകളിൽ ഉണ്ടായിട്ടുണ്ടെന്നും ഗ്രൂപ്പിസമല്ല കോണ്‍ഗ്രസിലെ പ്രശ്നങ്ങൾക്കു കാരണമെന്നും രവി കൂട്ടിച്ചേർത്തു.
ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്കു വീണ്ടും മത്സരിക്കാൻ ശ്രമിക്കുന്ന പി.ജെ കുര്യനെതിരെ യുവനേതാക്കൾ ഒറ്റക്കെട്ടായി രംഗത്തുവന്നിരുന്നു. വി.ടി. ബൽറാം, ഷാഫി പറന്പിൽ, അനിൽ അക്കര, ഹൈബി ഈഡൻ, റോജി എം. ജോണ്‍, റിജിൽ മാക്കുറ്റി എന്നിവർ കുര്യൻ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പാർട്ടി പറഞ്ഞാൽ മാറിനിൽക്കാമെന്നായിരുന്നു പി.ജെ.കുര്യന്റെ മറുപടി.