കൊച്ചി: അവധിയെടുത്തു വിദേശത്തു പോയ ജീവനക്കാരന്റെ അവധി റദ്ദാക്കിയ കെഎസ്ആര്‍ടിസി മാനേജ്മെന്റ് നടപടി ഹൈക്കോടതി ശരിവച്ചു. കെഎസ്ആര്‍ടിസിയുടെ നടപടി ചോദ്യം ചെയ്തു വിദേശത്തു ജോലിക്കുപോയ റിസർവ് കണ്ടക്ടർ സമർപ്പിച്ച ഹർജി തള്ളിയാണു ഹൈക്കോടതിയുടെ തീരുമാനം. പട്ടാന്പി സ്വദേശി അൻവർ സാദത്താണ് ഹർജി നൽകിയത്. ഹർജിക്കാരൻ 45 ദിവസത്തിനകം സർവീസിൽ തിരികെ പ്രവേശിക്കണമെന്നു സിംഗിൾബെഞ്ച് ഉത്തരവിട്ടു.
പിതാവ് സർവീസിലിരിക്കെ മരിച്ചതിനെ തുടർന്നു 1997ലാണ് തനിക്ക് ജോലി ലഭിച്ചതെന്ന് അൻവർ സാദത്ത് ബോധിപ്പിച്ചു. 2007 മാർച്ച് 28ന് മുതൽ 2012 മാർച്ച് 27 വരെ ശന്പളമില്ലാതെ അവധിയെടുത്തു. പിന്നീട് ഇത് 2017 മാർച്ച് വരെ നീട്ടി. ഇതിനുശേഷം 2022 വരെയും അവധി ലഭിച്ചു. മേയ് മാസത്തിൽ ഗൾഫിൽനിന്ന് അവധിക്കു വന്നപ്പോൾ കെഎസ്ആര്‍ടിസിയിൽനിന്നു നോട്ടീസ് ലഭിച്ചു. അവധി റദ്ദാക്കുകയാണെന്നും ഈ മാസം പത്തിനകം ജോലിക്ക് ഹാജരാകണമെന്നുമായിരുന്നു നിർദേശം.
ഇതു നിയമവിരുദ്ധമാണെന്നു ഹർജിക്കാരന്റെ വാദം. അവധിക്കാലത്തു ശന്പളമോ മറ്റു ആനുകൂല്യങ്ങളോ കെഎസ്ആര്‍ടിസിയിൽനിന്നു വാങ്ങിയിട്ടില്ല. അവധിയുടെ ഉറപ്പിലാണു 2022 വരെ ഗൾഫിൽ ജോലിയെടുക്കാമെന്നു വാക്ക് നൽകിയിരുന്നത്. അത് ഒഴിവാക്കാനാവില്ലെന്നും ഹർജിക്കാരൻ വാദിച്ചു.
എന്നാൽ, ജീവനക്കാരുടെ ലഭ്യതക്കുറവ് മൂലം നിരവധി സർവീസുകൾ റദ്ദാക്കേണ്ടി വരികയും വൻ സാന്പത്തിക നഷ്ടമുണ്ടാവുകയും ചെയ്യുന്നുവെന്നും അതിനാലാണ് അവധിക്കു പോയവരെ തിരികെ കൊണ്ടുവരുന്നതെന്നും കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.