ഒരാഴ്ചയായി ഫേസ്ബുക്ക് തുറന്നാല്‍ ആറും ഏഴും വര്‍ഷം പുറകോട്ട് പോയതുപോലെയാണ്. ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡില്‍ മുഴുവന്‍ എല്ലാവരുടെയും പഴയകാല ചിത്രങ്ങള്‍. ഫേസ്ബുക്കില്‍ ഇപ്പോള്‍ ട്രെന്ഡായിരിക്കുന്ന കുത്തിപ്പൊക്കലിന്റെ ഭാഗമായാണിത്. കുത്തിപ്പൊക്കലിന് ഇരകളായവരില്‍ ധാരാളം പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇപ്പോഴിതാ സാക്ഷാല്‍ നരേന്ദ്ര മോദിയുടെ ഫോട്ടോയും കുത്തിപ്പൊക്കപ്പെട്ടിരിക്കുന്നു. മോദിയുടെ ചെറുപ്പകാലത്തുള്ള ഫോട്ടോയാണ് കുത്തിപ്പൊക്കല്‍ വഴി വീണ്ടും വൈറലായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഒദ്യോഗിക ഫേസ്ബുക്ക് പേജില്‍ 2015 ല്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. മോദിയെ മാത്രമല്ല, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെപ്പോലും ചിലര്‍ വെറുതെവിട്ടില്ല.
2012 ല്‍ ബറാക് ഒബാമ പോസ്റ്റ് ചെയ്ത അമ്മക്കൊപ്പം നില്ക്കുന്ന ചിത്രം തേടിപ്പിടിച്ച് കമന്റ് ചെയ്ത് പൊക്കിയെടുത്തു, ചില വിരുതന്മാര്. ഇതെല്ലാം ചെയ്തത് മലയാളികളാണെന്ന പ്രത്യേകതയുമുണ്ട്. ”മച്ചാനേ, ഇജ്ജ് പണ്ട് പൊളിയായിരുന്നല്ലേ,’ എന്നാണ് ഒബാമയുടെ ചെറുപ്പത്തിലെ ഫോട്ടോ കണ്ട ഒരു ഫ്രീക്കന്റെ കമന്റ്.
മലയാള സിനിമാതാരങ്ങളും കുത്തിപ്പൊക്കലിന് വിധേയരായിരുന്നു. മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയവരുടെ ഫോട്ടോകള്‍ ആരാധകര്‍ കുത്തിപ്പൊക്കിയപ്പോള്‍ നടന് അജു വര്‍ഗീസ് സ്വന്തം ഫോട്ടോ കുത്തിപ്പൊക്കി മാതൃകയുമായി. കുത്തിപ്പൊക്കലുമായി ബന്ധപ്പെട്ട് ധാരാളം ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.